കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...

മികച്ച പ്രതിഭകളും സജീവമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമുള്ള കേരളത്തില്‍ ഡീപ് ടെക് മേഖലയുടെ വളര്‍ച്ചയ്ക്ക് പങ്കിട്ട അടിസ്ഥാന സൗകര്യങ്ങളും ഏകോപിത പിന്തുണ സംവിധാനവും അത്യന്താപേക്ഷിതമാണെന്ന് ഹഡില്‍ ഗ്ലോബല്‍-2026 സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ വിദഗ്ധര്‍. കേരളത്തില്‍ ഡീപ്ടെക് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കല്‍: പ്രതിഭ, സാങ്കേതികവിദ്യ, മൂലധനം, വിപണികള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ പോലുള്ള ചില മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്ക് കടക്കാനും ആഗോള വിപണിയിലെ ആവശ്യങ്ങള്‍ പ്രയോജനപ്പെടുത്താനും കേരളത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തി.
സംസ്ഥാനത്തെ ഡീപ്ടെക് അധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനും വൈദഗ്ധ്യമുള്ള പ്രതിഭകളെ വളര്‍ത്തുന്നതും ഏകോപിതമായ ഇടപെടലുകള്‍ നടത്തുന്നത് അനിവാര്യമാണെന്ന് ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് സി.ഇ.ഒയും എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. രാജശ്രീ എം.എസ് പറഞ്ഞു. ഗവേഷണ-വികസന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, നവീകരണ ആവാസവ്യവസ്ഥ എന്നിവ തമ്മിലുള്ള സഹകരണം തുടര്‍ച്ചയായതും സമഗ്രവുമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അക്കാദമിക് സ്ഥാപനങ്ങള്‍ വകുപ്പ് അധിഷ്ഠിത സമീപനത്തില്‍ നിന്ന് മാറി സെന്‍റര്‍സ് ഓഫ് എക്സലന്‍സ് സൃഷ്ടിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐഐടി മദ്രാസിലെ ഐസി ആന്‍ഡ് എസ്ആര്‍ ഡീന്‍ ഡോ. മനു സന്താനം അഭിപ്രായപ്പെട്ടു. ആശയങ്ങളെ വിപണിയില്‍ എത്തിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന് കഴിവുള്ള യുവതലമുറയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അക്കാദമിക് സ്ഥാപനങ്ങള്‍ ഗവേഷണ പ്രവര്‍ത്തനങ്ങളെ പരമ്പരാഗത മേഖലകളില്‍ നിന്ന് വിപുലീകരിക്കേണ്ടതുണ്ട്. സംരംഭകത്വ യാത്രയുടെ ആദ്യ ഘട്ടങ്ങളില്‍ യുവാക്കള്‍ക്ക് വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്താന്‍ അവസരമൊരുക്കേണ്ടത് പ്രധാനമാണ്. യുവ പ്രതിഭകള്‍ സൃഷ്ടിക്കുന്ന അറിവുകളെയും കണ്ടുപിടുത്തങ്ങളെയും സംരക്ഷിക്കുന്നതിനായി ബൗദ്ധിക സ്വത്തവകാശ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡീപ്ടെക് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ ഈ മാറ്റത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും പരിഗണിക്കേണ്ടതുണ്ടെന്ന് നേത്രസെമി സിഇഒയും കോ-ഫൗണ്ടറുമായ ജ്യോതിസ് ഇന്ദിരാഭായ് പറഞ്ഞു. ഡീപ്ടെക് വികസനത്തില്‍ നിന്നുള്ള വരുമാനം ഈ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കൂടാതെ, ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് പ്രോഗ്രാമുകള്‍ ഭാവിയില്‍ നല്‍കാന്‍ സാധ്യതയുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് മുന്‍കൂട്ടിത്തന്നെ കണക്കിലെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂലധനം സമാഹരിക്കാന്‍ പ്രയാസപ്പെടുന്ന പ്രാരംഭ ഘട്ടത്തിലുള്ള സംരംഭകര്‍ക്ക് അത്യാധുനിക ലാബുകളും ഉപകരണങ്ങളും അടങ്ങിയ പൊതുവായ ഡീപ്ടെക് അടിസ്ഥാന സൗകര്യങ്ങള്‍ വലിയൊരു ആശ്വാസമായിരിക്കുമെന്ന് സീഫണ്ട് മാനേജിങ് പാര്‍ട്ണര്‍ മനോജ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ സംവിധാനങ്ങള്‍ക്ക് പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2026 നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, നയരൂപകര്‍ത്താക്കള്‍, സംരംഭകര്‍ എന്നിവരെ ഒരേ വേദിയില്‍ അണിനിരത്തുന്നു. സംസ്ഥാനത്തെ ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കൂടുതല്‍ വിപുലീകരണത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ സംഗമം നടക്കുന്നത്.
https://www.facebook.com/Malayalivartha

























