ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം... ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി..

വളരെ ദുഖകരമായ വാർത്തയാണ് . വടക്കേക്കാട് ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിലാണ് അപകടം. ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായ്ദീപ്, സായ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്. സായ്ദീപ് മൂന്നാം ക്ലാസിലും സായ് കൃഷ്ണ ഒന്നാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. ഇതോടെ വീട്ടുകാരും പരിസരവാസികളും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾ കുളത്തിൽ വീണതായി കണ്ടെത്തിയത്.നാട്ടുകാരും പോലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കുളത്തിൽനിന്ന് പുറത്തെടുത്തു. തുടർന്ന് സമീപത്തെ ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.പാലക്കാട് സ്വദേശിയായ പ്രദീപും വടക്കേക്കാട് സ്വദേശിനിയായ സജിതയും ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കുട്ടികളുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും പ്രദേശവാസികളെയും
ഒരുപോലെ ദുഃഖത്തിലാഴ്ത്തി. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.വളരെ ചെറിയ പ്രായത്തിൽ കുട്ടികളെ ഏറെ ശ്രദ്ധയോടു കൂടി തന്നെ നോക്കണം. കണ്ണുതെറ്റിയാൽ എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടും.
എത്രയോ ദുരന്തങ്ങൾ അങ്ങനെ സംഭവിച്ചിട്ടുണ്ട്. മാതാപിതാക്കളും വീട്ടിലെ മറ്റുള്ളവരും ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്.
https://www.facebook.com/Malayalivartha

























