ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം

ബോളിവുഡ് താരം കരീന കപൂറിന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ വലിയ വിവാദത്തിലേക്ക്. ഖുർആനിലെ വിശുദ്ധ സൂക്തമായ 'ആയത്തുൽ കുർസി' ആലേഖനം ചെയ്ത ആഭരണം ധരിച്ച് ചിത്രങ്ങൾ പങ്കുവച്ചതിന് കരീനയ്ക്ക് വക്കീൽ നോട്ടീസ്. ആഭരണം ധരിച്ചതിനേക്കാൾ ഉപരിയായി, വിശുദ്ധ ഖുർആൻ സൂക്തത്തെ ഫാഷൻ ആഭരണമായി അവതരിപ്പിച്ച രീതിയാണ് എതിർപ്പിന് കാരണമായിരിക്കുന്നത്.
മധ്യപ്രദേശ് കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസാണ് കരീന കപൂറിനും താരത്തിന്റെ സ്റ്റൈലിസ്റ്റ് റിയ കപൂറിനും വക്കീൽ നോട്ടീസ് അയച്ചത്. കരീനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് ഈ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്യണമെന്നും പരസ്യമായി മാപ്പുപറയണമെന്നുമാണ് പ്രധാന ആവശ്യം.
ദീപാവലി ആഘോഷത്തിനായി വെള്ളിനിറത്തിലുള്ള കഫ്താനും അതിനൊത്ത തലപ്പാവും അണിഞ്ഞ കരീന 30 കാരറ്റ് മരതകം പതിച്ച ലോക്കറ്റും ധരിച്ചിരുന്നു. ഭോപ്പാൽ രാജകുടുംബത്തിന്റെ പാരമ്പര്യ സ്വത്തായ ഈ ആഭരണത്തിൽ 200 വർഷം പഴക്കമുള്ള നവാബിന്റെ കൾഗിയും ഉൾപ്പെട്ടിരുന്നു. ഭോപ്പാലിലെ ബീഗത്തിന്റേതായിരുന്ന മരതക ലോക്കറ്റിലാണ് ഖുർആനിലെ 'ആയത്തുൽ കുർസി' ആലേഖനം ചെയ്തിരിക്കുന്നത്. കരീനയുടെ ഭർത്താവ് സെയ്ഫ് അലി ഖാന്റെ കുടുംബത്തിലൂടെയാണ് ഈ പാരമ്പര്യ ആഭരണങ്ങൾ കരീനയിലേക്ക് എത്തിയത്.
എന്നാൽ, കരീനയുടെ വസ്ത്രധാരണത്തെയോ ദീപാവലി ആഘോഷത്തെയോ താൻ ചോദ്യം ചെയ്യുന്നില്ലെന്നാണ് അബ്ബാസ് ഹാഫിസിന്റെ വിശദീകരണം. വിശുദ്ധ ഖുർആൻ സൂക്തത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അത് ഫാഷൻ ആവശ്യത്തിനുള്ള ആഭരണമായി അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല ഇതെന്നും വ്യക്തിപരമായാണ് നോട്ടീസ് അയച്ചതെന്നും ഹാഫിസ് വ്യക്തമാക്കിയിട്ടുണ്ട്. രാജകീയ പാരമ്പര്യത്തിന്റെ ഭാഗമായ ഒരു ആഭരണം ഇപ്പോൾ മതപരമായ പവിത്രതയെച്ചൊല്ലിയുള്ള വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























