വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവും വാഹനാപകടത്തില്‍ മരിച്ചു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സിന്ധുശ്രീയും(29), അവസാന വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിനിയും ബന്ധുവുമായ വിദ്യയും (19) സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ബെംഗളൂരുവിലെ ദീപാംജലിനഗറില്‍ വച്ച് ലോറിയിടിക്കുകയായിരുന്നു.
വ്യാഴാഴ്ച കര്‍ണാടകയിലെ പരമ്പരാഗത ആചാരങ്ങളായ 'അരശിന ശാസ്ത്ര' (ഹല്‍ദി), 'ബളെ ശാസ്ത്ര' (വളയിടല്‍ ചടങ്ങ്) എന്നിവയോടെ സിന്ധുശ്രീയുടെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതായിരുന്നു. ഞായറാഴ്ച നടക്കാനിരുന്ന വിവാഹ സല്‍ക്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കുടുംബം നടത്തിയിരുന്നത്. ഒരാള്‍ക്കുകൂടി ക്ഷണക്കത്ത് നല്‍കാനുണ്ടെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍നിന്നിറങ്ങിയതെന്ന് പിതാവ് നഞ്ചുണ്ടപ്പ പറഞ്ഞു.
വിവാഹക്ഷണക്കത്ത് നല്‍കാനായി അയല്‍വാസിയുടെ സ്‌കൂട്ടര്‍ വാങ്ങിയാണ് സിന്ധുശ്രീ പോയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറിയിടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























