സന്തോഷവും സമാധാനവും നിറഞ്ഞ വീട് കണ്ണീരിലായി..ഒരുമിച്ച് ജനിച്ചു, ഒരേ ക്ലാസിൽ പഠനം.അവസാനം മരണത്തിലും അഷ്മിലും മിസ്നയും ഒന്നിച്ച്...നെഞ്ച് തകർന്ന് ഉപ്പൂപ്പയും..

ഒരു നിമിഷം കൊണ്ടാണ് സന്തോഷവും സമാധാനവും നിറഞ്ഞ വീട് കണ്ണീരിലായത് . നാടിനാകെ പ്രിയപ്പെട്ട കുടുംബത്തിനു സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലും കണ്ണീരിലുമാണ് നാട്ടുകാർ. ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചത്, മുസ്‌ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക്, എആർ നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി.കെ.മൊയ്തീൻകുട്ടിയുടെ രണ്ടു പേരമക്കളും പേരമകളുടെ മകനും. മരിച്ച മുഹമ്മദ് അഷ്മിലും മിസ്‌ന ജുബിനും ഇരട്ടകളാണ്. മരിച്ച മൂന്നു വയസ്സുകാരൻ മുഹമ്മദ് ഫായിസ്, ഇവരുടെ സഹോദരി ഫർസാനയുടെ മകനാണ്.മൊയ്തീൻകുട്ടിയുടെ മകനും മരിച്ച അഷ്മിലിന്റെയും മിസ്‌നയുടെയും പിതാവുമായ സിദ്ദിഖ് ഫുജൈറയിൽ കഫെറ്റീരിയ നടത്തുകയാണ്.
വർഷങ്ങളായി കുടുംബസമേതം അവിടെയാണ് താമസം. ഹൃദയസംബന്ധമായ അസുഖവുമായി നാട്ടിലെത്തിയ സിദ്ദിഖ് മടങ്ങിയതു രണ്ടു ദിവസം മുൻപാണ്. ഭാര്യ ആരിഫയാണു കൂടെയുണ്ടായിരുന്നത്. മുഹമ്മദ് അഷ്മിലും മിസ്നയും കൂടെയുണ്ടായിരുന്നില്ല. 10 ദിവസത്തെ ചികിത്സ കഴിഞ്ഞു മടങ്ങിയ സിദ്ദിഖിനും ആരിഫയ്ക്കുമൊപ്പമാണ് ഫർസാനയും മക്കളും നാട്ടിൽനിന്നു മടങ്ങിയത്.ആരിഫയുടെ സഹോദരി ഷാർജയിൽ താമസിക്കുന്നുണ്ട്. നാട്ടിൽനിന്നെത്തിയ സിദ്ദിഖിനെയും ആരിഫയെയും കാണാൻ ഇവർ എത്തിയിരുന്നു. ഇവരുടെ കുട്ടിയെ ഷാർജയിലെ അവരുടെ താമസസ്ഥലത്തെത്തിച്ചു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സിദ്ദിഖിന്റെ 4 മക്കളിൽ അഷ്മിലും മിസ്നയും ഇരട്ടകളാണ്.
ഇരുവരും ഒരേ ക്ലാസിലാണ് 10 വരെ പഠിച്ചിരുന്നത്.പിന്നീട് ഉപ്പയുടെ അടുത്തേക്കു പോയി. ഇളയ മകന്റെ കുടുംബത്തിനൊപ്പമാണു താമസം. മൊയ്തീൻ കുട്ടിയുടെ മുഖത്തെ ദുഃഖം വീട്ടിലെത്തുന്നവരുടെയും കണ്ണുനിറയ്ക്കുന്നു.യുഎഇയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ അതിർത്തിക്ക് സമീപമുണ്ടായ വൻ വാഹനാപകടത്തിൽ പതിനാല് പേർ മരിക്കുകയും മുപ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ സാവധാനത്തിൽ നീങ്ങുന്നതിനിടെ അർധരാത്രിയോടെ നിയന്ത്രണം വിട്ടെത്തിയ ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാഹനം മറിഞ്ഞ് സമീപത്തുണ്ടായിരുന്ന അഞ്ച് ട്രക്കുകളിലും പതിനെട്ട് കാറുകളിലുമായി കൂട്ടിയിടിച്ചാണ് വൻ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രക്കിന് തീപിടിക്കുകയും മറ്റ് വാഹനങ്ങളിലേക്ക് അതിവേഗം തീപടരുകയും ചെയ്തതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. പരുക്കേറ്റ മുപ്പത് പേരിൽ പതിനഞ്ച് പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും ശേഷിക്കുന്ന പതിനഞ്ച് പേർ ഇപ്പോഴും തീവ്രപരിചരണത്തിൽ തുടരുകയാണ്. ഇന്ത്യ, യുഎഇ, ഒമാൻ, ബ്രസീൽ, പാക്കിസ്ഥാൻ, ജോർദാൻ,ഈജിപ്ത് പൗരന്മാരാണ് പരുക്കേറ്റവരിലുള്ളത്.
മരിച്ചവരിൽ യുഎഇ പൗരന്മാരുണ്ടെന്നും തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടന്നുവരികയാണെന്നും ഫുജൈറ പൊലീസ് വ്യക്തമാക്കി. അഞ്ച് ട്രക്കുകളുൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഫുജൈറ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
https://www.facebook.com/Malayalivartha
























