തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂരിൽ പുലിക്കളി ഇന്ന് ... പുലിക്കൊട്ടിനൊപ്പം അരമണി കിലുക്കി കുടവയർ കുലുക്കി ചുവടുവെച്ച് പുലികൾ നഗരം കീഴടക്കും. ഇത്തവണ ഒമ്പത് ടീമുകളാണ് മത്സരത്തിനുള്ളത്. ശങ്കരൻകുളങ്ങര, ചക്കാമുക്ക്, സീതാറാം മിൽ, കുട്ടൻകുളങ്ങര, കാനാട്ടുകര, വിയ്യൂർ, ഒളരിക്കര, അയ്യന്തോൾ, പാട്ടുരായ്ക്കൽ എന്നിങ്ങനെയാണ് ടീമുകൾ. ആറ് ദേശങ്ങൾ എം.ജി റോഡ് വഴി വൈകീട്ട് നാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. ഒരു ദേശം ഷൊർണൂർ റോഡ് വഴിയും രണ്ട് ദേശങ്ങൾ വടക്കേ സ്റ്റാൻഡ് വഴിയും റൗണ്ടിൽ പ്രവേശിക്കും.
വൈകുന്നേരം നാലിന് മന്ത്രി ഒ.ജെ. ജനീഷ് ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകുന്നതാണ്. തുടർന്ന് പുലി സംഘങ്ങൾ റൗണ്ട് ചുറ്റി നടുവിലാലിൽ ഗണപതിക്ക് തേങ്ങ ഉടക്കും. മത്സരങ്ങൾ വിലയിരുത്തുന്നതിനുള്ള പവലിയനുകൾ റൗണ്ടിൽ ബിനി ടൂറിസ്റ്റ് ഹോം പരിസരത്ത് തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്.
ഈ വർഷം കോർപറേഷന്റെ നിർദേശമനുസരിച്ചുള്ള മത്സരങ്ങളാണ് നടക്കുക. 51 പുലികളാണ് ഓരോ ടീമിലും ഉണ്ടാവുക. ഒമ്പത് ഇനങ്ങളിൽ മത്സരവും സമ്മാനങ്ങളും ഉള്ളതിനാൽ പല ടീമുകളും തങ്ങളുടെ മടയിലെ ഒരുക്കങ്ങൾക്ക് രഹസ്യസ്വഭാവം നൽകുന്നുണ്ട്. രാവിലെ മുതൽ പുലിച്ചമയ പ്രദർശനം കാണാൻ സൗകര്യമുണ്ടായിരിക്കും. നിശ്ചലദൃശ്യത്തിലെ ആദ്യ ഫ്ലോട്ട് ഒരുക്കുന്നത് കോർപറേഷനും പൊലീസും സംയുക്തമായാണ്. ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം നൽകുന്നതായിരിക്കും ഈ ഫ്ലോട്ട് . പുലിക്കളിയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
പുലികളി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ച മുതലാണ് ജില്ല ഭരണകൂടം അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha
























