കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം

കോട്ടയെ ജില്ലയിലെ പെരുവ കുന്നപ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ചിപ്പുകളും മദര്‍ബോര്‍ഡുകളും നിര്‍മിക്കുന്നതിനുള്ള പിസിബി എക്‌സ്പ്രസ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഡിസംബറില്‍ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്ന ഫാക്ടറി തലയോലപ്പറമ്പ് സ്വദേശിയുടേതാണ്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം ഫാക്ടറിയില്‍ എസി ഘടിപ്പിച്ചിരുന്നു. ഈ എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ കടുത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
തീപിടിത്തത്തില്‍ ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. പുതുതായി എത്തിച്ച വിലകൂടിയ യന്ത്രസാമഗ്രികളും ഉപകരണങ്ങളും കത്തിനശിച്ചതായാണ് വിവരം. അപകടസമയം ഫാക്ടറികള്‍ക്കുള്ളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
https://www.facebook.com/Malayalivartha


























