‘അവനെ നന്നായി ചോദ്യം ചെയ്തിരുന്നെങ്കിൽ എന്റെ പൊന്നുമോന്റെ മൃതദേഹം അനാഥമായി കിടക്കില്ലായിരുന്നു’..പോലീസ് വീഴ്ചയെ പഴിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞ് പിതാവ്..

'20 തവണ ഫോണിൽ വിളിച്ചു. അപ്പോഴൊന്നും ഫോൺ എടുത്തില്ല. 9 മണിയോടെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നാലെ കൂട്ടുകാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിറ്റേന്ന് രാവിലെ 10ന് എത്തണമെന്ന് നിർദേശിച്ച് പറഞ്ഞുവിട്ടു. ഒരു പക്ഷേ അവനെ നന്നായി ചോദ്യം ചെയ്തിരുന്നെങ്കിൽ കുറ്റിക്കാട്ടിൽ, രാത്രി എന്റെ പൊന്നുമോന്റെ മൃതദേഹം തണുത്തുറഞ്ഞ് അനാഥമായി കിടക്കില്ലായിരുന്നു’– കണ്ണുകൾ കരഞ്ഞു കലങ്ങിയ മധുകുമാറിന്റെ തൊണ്ടയും ഇടറി. ഏക മകനെ നഷ്ടപ്പെട്ട വേദനയിൽ നീറുകയാണു മധുകുമാർ.
സുഹൃത്തിനെ കാണാൻ പോകുകയാണെന്നു പറഞ്ഞ് ഞായറാഴ്ച വൈകിട്ട് 4നാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. ഇടയ്ക്കു വിളിക്കുമ്പോൾ, ഓടുന്നതു പോലെ തോന്നി. കിതയ്ക്കുന്നതിനിടയിലും 10 മിനിറ്റിനകം എത്തുമെന്ന് അഭിരാം പറഞ്ഞെന്ന് മധുകുമാർ പറഞ്ഞു. എട്ടരയോടെ വീട്ടിൽ എത്തിയപ്പോഴും മകൻ വന്നിട്ടില്ലെന്ന് മനസ്സിലാക്കി ഫോണിൽ നിരന്തരം വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് സ്റ്റേഷനിൽ പരാതി നൽകിയതെന്ന് മധുകുമാർ പറഞ്ഞു. ഇപ്പോൾ ഒന്നാം പ്രതിയായി ചേർത്തിട്ടുള്ള ആൾ കൊലപാതകം നടത്താൻ സാധ്യതയില്ല.
17 വയസ്സ് മാത്രമുള്ളതിനാൽ ശിക്ഷ കുറച്ചുകിട്ടുന്നതിനു വേണ്ടിയാകണം അയാൾ കുറ്റം ഏറ്റതെന്നും മധുകുമാർ പറഞ്ഞു.അഭിരാമിന്റെ അമ്മയും സഹോദരിയും വിദേശത്താണ്. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ അച്ഛൻ മധുകുമാറും അമ്മൂമ്മയും മാത്രമാണു താമസം. അഭിരാമിന്റെ മരണവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സഹോദരി ഇന്ന് വിദേശത്തു നിന്നെത്തും.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഒൻപതോടെ പാങ്ങപ്പാറയിലെ വീട്ടിൽ എത്തിക്കും.ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതേ ദൈവമേ എന്ന് ആവർത്തിച്ച് അലമുറയിടുന്ന ധർമജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഉഴലുകയാണു ബന്ധുക്കൾ.
https://www.facebook.com/Malayalivartha

























