സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചതില്‍ അപാകതയെന്ന് ബന്ധുക്കള്‍

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ആലുംകടവ് മരുന്നൂര്കുളങ്ങര തെക്ക് നാട്ടന്നൂര് കിഴക്കതില്‍ പ്രശാന്ത്-രാജലക്ഷ്മി ദമ്പതികളുടെ ഏക മകള്‍ ആര്‍ഷ (17) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും, പ്രത്യേക മെഡിക്കല്‍ സംഘം പോസ്റ്റ്മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
ഛര്ദ്ദിയെത്തുടര്ന്ന് തിങ്കളാഴ്ച വൈകിട്ടാണ് ആര്‍ഷയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. നില വഷളായതോടെ കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നല്കിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണു മരണത്തിന് ഇടയാക്കിയതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്കി. എന്നാല്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കുട്ടിയുടെ രക്തസമ്മര്‍ദ്ദവും പള്‍സും ക്രമാതീതമായി താഴേക്കു പോയതാണു നില ഗുരുതരമാക്കിയതെന്നും രക്ഷിക്കാന്‍ സാധ്യമായ എല്ലാ അടിയന്തര മുന്‍കരുതലുകളും ചികിത്സയും നല്‍കിയിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























