കുൽഗാമിൽ വൻ ഏറ്റുമുട്ടൽ തുടരുന്നു... കീഴടങ്ങാൻ സൈന്യത്തിന്റെ വീഡിയോ കോൾ, പക്ഷേ വഴങ്ങാതെ ലഷ്കർ ഭീകരൻ

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ വലയത്തിൽ കുടുങ്ങിയ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ സൈന്യത്തിന്റെ അഭ്യർഥന. രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ നേരിട്ട് വീഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഭീകരൻ വഴങ്ങിയില്ല. പകരം, തനിക്ക് അല്ലാഹുവിനെ കാണണമെന്നാണ് ഇയാൾ മറുപടി നൽകിയത്. കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ ശക്തമായിരിക്കുകയാണ്.
ലഷ്കറെ തയിബയുടെ പ്രധാന കമാൻഡർമാരിലൊരാളായ ലത്തീഫ് ഭട്ടിനെയാണ് സുരക്ഷാ സേന വളഞ്ഞിരിക്കുന്നത്. ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈനിക ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. 'ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ അഭ്യർഥന. എന്നാൽ ആയുധം താഴെവയ്ക്കാൻ ലത്തീഫ് ഭട്ട് തയ്യാറായില്ല. തനിക്ക് അല്ലാഹുവിനെ കാണണമെന്നും താൻ സന്തോഷവാനാണെന്നുമുള്ള മറുപടിയാണ് ഇയാൾ നൽകിയത്. ഈ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഏറ്റുമുട്ടൽ വാർത്ത കൂടുതൽ ശ്രദ്ധ നേടുകയാണ്.
നവംബർ 18 ബുധനാഴ്ച പുലർച്ചെയാണ് കുൽഗാമിലെ സാൻഗൽപോറ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് പ്രദേശം വളഞ്ഞ സുരക്ഷാ സേന ഇയാളെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. എന്നാൽ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഇയാൾ തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
നവംബർ 11ന് അഖ്റൻ ഗ്രാമത്തിലെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെ നടന്ന ആക്രമണമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ഈ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടും കൂട്ടാളി ഉമർ നിസാർ ദറും ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആക്രമണത്തിന് മുൻപ് ഇരുവരും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. നവംബർ 10ന് ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്നതിനായി ഇരുവരും പ്രദേശങ്ങളിൽ ചുറ്റിനടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതിനിടെ നവംബർ 16 തിങ്കളാഴ്ച ലാറു ബൈപ്പാസ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഉമർ നിസാർ ദർ കൊല്ലപ്പെട്ടു. ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടതായി ആദ്യം അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും വെടിയേറ്റ ഇയാൾ സുരക്ഷാ സേനയുടെ വലയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഡ്രോണുകളുടെയും വ്യാപകമായ തിരച്ചിൽ നടപടികളുടെയും സഹായത്തോടെ ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി.
ലത്തീഫ് ഭട്ടിന് കഴിഞ്ഞ അഞ്ച് മുതൽ ആറു മാസം വരെ ഒളിത്താവളവും മറ്റ് സഹായങ്ങളും നൽകിയിരുന്നത് കൊല്ലപ്പെട്ട ഉമർ നിസാർ ദറാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കശ്മീർ താഴ്‌വരയിലെ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന ഭീകരരിൽ ഒരാളാണ് ലത്തീഫ് ഭട്ട്.
നിലവിൽ കുൽഗാമിൽ സുരക്ഷാ സേനയുടെ ഓപ്പറേഷൻ തുടരുകയാണ്. കീഴടങ്ങാനുള്ള സൈന്യത്തിന്റെ അഭ്യർഥന തള്ളിയ ലത്തീഫ് ഭട്ടിനെ പിടികൂടാനാകുമോ, അതോ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. സൈനിക നടപടിയുടെ അന്തിമഫലം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha
























