മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്....

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്. ഇതോടെ അയ്യപ്പദർശനം ഭക്തർക്ക് എളുപ്പമായി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിലധികം തീർത്ഥാടകരുടെ കുറവാണ് മൂന്നു ദിവസത്തിനുള്ളിൽ സന്നിധാനത്ത് ഉണ്ടായത്.
കഴിഞ്ഞ വർഷം നട തുറന്ന ആദ്യ ദിനങ്ങളിൽ ഒരു ലക്ഷവും അതിലധികവും തീർത്ഥാടകർ എത്തിയിരുന്നു. ഇക്കുറി നടതുറന്ന 16ന് 26,131 തീർത്ഥാടകരാണ് ദർശനം നടത്തിയത്. 17ന് 35,073 പേരും 18ന് വൈകിട്ട് ആറു വരെ 32,345 തീർത്ഥാടകരുമാണ് എത്തിയത്.
കഴിഞ്ഞ വർഷം നടതുറന്ന 16ന് 53,278 പേരും 17ന് 98,915ഉം 18ന് 1,12,056 പേരും ദർശനത്തിനെത്തി. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ശേഷം തീർത്ഥാടകർ യാത്ര മാറ്റിവയ്ക്കുന്നതോ കടുത്ത നിയന്ത്രണങ്ങൾ കാരണം ശബരിമല യാത്ര ഒഴിവാക്കുന്നതോ ആണ് തിരക്ക് കുറയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. പമ്പയിൽ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം ഇല്ലാത്തതിനാൽ ബുക്ക് ചെയ്യാത്തവരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടില്ലെന്ന നിർദ്ദേശം തീർത്ഥാടകരിൽ ആശങ്കയേകി. ബുക്ക് ചെയ്യാതെ വരുന്നവരെ നിലയ്ക്കലിൽ ഇറക്കണമെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സർക്കാർ നൽകിയ നിർദ്ദേശം. തീർത്ഥാടകർക്ക് ബുക്കിംഗ് ഉറപ്പാക്കാനായി നൽകിയ നിർദ്ദേശമാണെങ്കിലും സ്ലോട്ട് കിട്ടാതെ തീർത്ഥാടകർക്ക് മടങ്ങിപ്പോകേണ്ടിവരുന്നതായി പരാതിയുണ്ട്.
കഴിഞ്ഞ വർഷം വെർച്വൽ ക്യൂ ബുക്കിംഗ് വഴി 70000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 20,000പേർക്കുമാണ് ദർശനാനുമതി നൽകിയിരുന്നത്. ഇപ്പോൾ 66,000 പേർക്കാണ് വെർച്വൽക്യൂ വഴി ബുക്ക് ചെയ്യാനാവുക.
"
https://www.facebook.com/Malayalivartha
























