യേശുവിന്റെ പാതയിൽ ജനകീയനായ പോപ്പ്... വിശ്വാസിയുടെ ജപമാല മാർപ്പാപ്പയുടെ കണ്ണിൽ പതിച്ചു; വേദനയ്ക്കിടയിലും ക്ഷമിച്ച് പോപ്പ് ലിയോ പതിനാലാമൻ, ലോകത്തിന്റെ ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ ജനകീയ മുഖം

പൊതുജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ മാർപ്പാപ്പയ്ക്ക് നേരെ വിശ്വാസികൾ പലപ്പോഴും ജപമാലകളും മറ്റു സമ്മാനങ്ങളും എറിയാറുണ്ട്. അവയിൽ പലതും കൈയിലൊതുക്കി സ്വീകരിക്കുന്ന പോപ്പ് ലിയോ പതിനാലാമന്റെ ദൃശ്യങ്ങൾ നേരത്തെയും വൈറലായിട്ടുണ്ട്. എന്നാൽ ഇത്തവണ ഒരു വിശ്വാസി എറിഞ്ഞ ജപമാല അദ്ദേഹത്തിന്റെ കൈകളിലല്ല, നേരെ കണ്ണിന് സമീപമാണ് പതിച്ചത്. വേദനകൊണ്ട് മുഖം ചുളിച്ചെങ്കിലും ഒരു നിമിഷം കണ്ണിൽ കൈവെച്ചെങ്കിലും മാർപ്പാപ്പ യാത്ര തുടർന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വിശ്വാസികളും അമ്പരന്നു. എന്നാൽ പിന്നീട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടിയാണ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.
നവംബർ 16 തിങ്കളാഴ്ച പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ലാസ് പാൽമാസ് എയർബേസിലായിരുന്നു സംഭവം. ദക്ഷിണ അമേരിക്കൻ പര്യടനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു മാർപ്പാപ്പ. 12 ദിവസം നീണ്ട പര്യടനത്തിന്റെ ഭാഗമായി ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. പെറുവിലെ വിടവാങ്ങൽ കുർബാനയിൽ പങ്കെടുക്കാനായി പോകുമ്പോൾ പോപ്പ് മൊബൈലിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. വഴിയരികിലും എയർബേസിലുമായി തടിച്ചുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽനിന്ന് ഒരു ജപമാല അദ്ദേഹത്തിന് നേരെ വന്നത്.
ജപമാല പിടിച്ചെടുക്കാൻ കഴിയുന്നതിന് മുമ്പുതന്നെ അത് വലതുകണ്ണിന് സമീപം വന്നിടിച്ചു. അപ്രതീക്ഷിതമായ ആഘാതത്തിൽ മാർപ്പാപ്പ മുഖം ചുളിക്കുകയും കണ്ണിന് സമീപം കൈവെച്ച് തടവുകയും ചെയ്തു. എന്നാൽ അദ്ദേഹം യാത്ര നിർത്തിയില്ല. പരിക്കേറ്റതിന്റെ ഗുരുതരമായ ലക്ഷണങ്ങളൊന്നും ദൃശ്യമായിരുന്നില്ല. വൈദ്യസഹായം തേടേണ്ടിവന്നതായും റിപ്പോർട്ടുകളില്ല. പിന്നീട് കുർബാനയും മറ്റ് പരിപാടികളും പൂർത്തിയാക്കി.
ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. സംഭവത്തിന് പിന്നാലെ വിമാനത്തിൽ റോമിലേക്ക് മടങ്ങുന്നതിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഒരു പെറുവിയൻ മാധ്യമപ്രവർത്തകൻ മാർപ്പാപ്പയോട് സംഭവത്തിൽ ക്ഷമാപണം നടത്തി. എന്നാൽ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു പോപ്പ് ലിയോ. ജപമാല എറിഞ്ഞയാൾക്ക് മോശമായ ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ലെന്നും വലിയ വിശ്വാസത്തോടെ മാർപ്പാപ്പയ്ക്ക് ജപമാല സമ്മാനിക്കാൻ ശ്രമിക്കുകയായിരുന്നു അയാളെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ വ്യക്തിയോട് താൻ ക്ഷമിക്കുന്നതായും വ്യക്തമാക്കി.
അവിടെവെച്ചും നിർത്തിയില്ല മാർപ്പാപ്പയുടെ മറുപടി. ചില കാര്യങ്ങൾ മനുഷ്യർ ഹൃദയത്തിൽ സൂക്ഷിക്കാറുണ്ട്, അല്ലെങ്കിൽ ഈ സംഭവത്തിലെന്നപോലെ കണ്ണിൽ സൂക്ഷിക്കേണ്ടിവരും എന്ന അർഥത്തിൽ തമാശയും പറഞ്ഞു. പെറുവിലെ ജനങ്ങളുടെ ആവേശവും ആഴത്തിലുള്ള വിശ്വാസവും ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാനുള്ള ആഗ്രഹവുമാണ് ഈ സംഭവം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ അപകടത്തെപ്പോലും ആരെയും കുറ്റപ്പെടുത്താതെ വിശ്വാസത്തിന്റെ പ്രകടനമായി കാണുകയായിരുന്നു മാർപ്പാപ്പ.
പോപ്പ് ലിയോ പതിനാലാമന്റെ ഈ പ്രതികരണം അദ്ദേഹത്തിന്റെ ജനകീയ മുഖത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വീണ്ടും വഴിയൊരുക്കുകയാണ്. അധികാരത്തിന്റെ ഔന്നത്യത്തിൽനിന്ന് വിശ്വാസികളെ നോക്കിക്കാണുന്ന ഒരാളല്ല, അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി നേരിട്ട് ഇടപഴകാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. വിശ്വാസികൾ സമ്മാനങ്ങൾ നീട്ടുമ്പോഴും കൈവീശി അഭിവാദ്യം ചെയ്യുമ്പോഴും അതിനോട് വളരെ സ്വാഭാവികമായാണ് അദ്ദേഹം പ്രതികരിക്കാറുള്ളത്.
ഇത്തരത്തിൽ ജനശ്രദ്ധ നേടിയ നിരവധി മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. വിശ്വാസികൾ എറിഞ്ഞ ജപമാലകളും കളിപ്പാട്ടങ്ങളും കൊടികളുമെല്ലാം കൈകൊണ്ട് പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ചിക്കാഗോയിൽനിന്നുള്ള ചിലർ നൽകിയ പിസ്സ സ്വീകരിക്കാൻ പോപ്പ് മൊബൈൽ നിർത്തിയതും നേരത്തെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ബാഴ്സലോണ സന്ദർശനത്തിനിടെ ഒരു യുവാവ് നൽകിയ ജപമാല കൈയിൽ പിടിച്ച് പ്രാർഥിച്ചശേഷം തിരികെ നൽകുകയും ചെയ്തിരുന്നു. വിശ്വാസികളുമായുള്ള ഇത്തരം ചെറിയ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ ജനകീയ പ്രതിച്ഛായയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുന്നത്.
പോപ്പ് ലിയോ പതിനാലാമന്റെ ജീവിതപശ്ചാത്തലവും ഈ ജനകീയ മുഖം മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. 1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ചിക്കാഗോയിലാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന അദ്ദേഹത്തിന്റെ ജനനം. 2025 മെയ് എട്ടിന് കത്തോലിക്കാ സഭയുടെ 267-ാമത്തെ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു. അമേരിക്കയിൽ ജനിച്ച ആദ്യ മാർപ്പാപ്പയും അഗസ്റ്റീനിയൻ സന്യാസസഭയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മാർപ്പാപ്പയുമാണ് അദ്ദേഹം.
എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായകമായൊരു അധ്യായം പെറുവുമായി ബന്ധപ്പെട്ടതാണ്. 1985ൽ മിഷനറി പ്രവർത്തനങ്ങൾക്കായി പെറുവിലെത്തിയ അദ്ദേഹം പിന്നീട് വർഷങ്ങളോളം അവിടെ സേവനം ചെയ്തു. 2015ൽ ചിക്ലായോ രൂപതയുടെ ബിഷപ്പായി നിയമിതനായി. പെറുവിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 2015ൽ പെറുവിയൻ പൗരത്വവും സ്വീകരിച്ചു. അതുകൊണ്ടുതന്നെ പെറുവിലെ ജനങ്ങൾക്ക് അദ്ദേഹം വെറുമൊരു സന്ദർശകനല്ല. സ്വന്തം നാട്ടുകാരനെപ്പോലെയാണ് പലരും അദ്ദേഹത്തെ കാണുന്നത്.
പെറുവിലെ ആറുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ അവിടുത്തെ ജനങ്ങൾ നൽകിയ സ്നേഹത്തിനും സ്വീകരണത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഏകദേശം 15 ലക്ഷം ആളുകളാണ് വിടവാങ്ങൽ കുർബാനയ്ക്കായി ലിമയിലെ എയർബേസിൽ ഒത്തുകൂടിയതെന്നാണ് റിപ്പോർട്ടുകൾ. ആ വലിയ ജനക്കൂട്ടത്തിനിടയിൽ സംഭവിച്ച ചെറിയൊരു അപകടം പക്ഷേ വലിയൊരു സന്ദേശമായി മാറി.
തന്നെ വേദനിപ്പിച്ചയാളെ കുറ്റപ്പെടുത്തുന്നതിന് പകരം അയാളുടെ വിശ്വാസത്തെ മനസ്സിലാക്കാനും ക്ഷമിക്കാനും തയ്യാറായ മാർപ്പാപ്പയുടെ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിശ്വാസവും സ്നേഹവും ക്ഷമയും പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ജീവിതത്തിലെ ചെറിയ സംഭവങ്ങളിൽപ്പോലും അത് പ്രകടമാകണമെന്നുമുള്ള സന്ദേശം കൂടിയാണ് ഈ സംഭവം നൽകുന്നത്.
https://www.facebook.com/Malayalivartha























