ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു...

ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി (42) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ .
തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം പതിനാറിനായിരുന്നു ഉദയലക്ഷ്മിയുടെ ശസ്ത്രക്രിയ. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിനു ശേഷം ശ്വസനം സുഗമമാക്കാനുളള ട്രാക്കിയോസ്റ്റമിക്ക് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഉദയലക്ഷ്മിയെ വിധേയയാക്കി.
ഇതിനു പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കുന്നതിന് തൊട്ടുമുമ്പു വരെ സംസാരിച്ച് സാധാരണപോലെ പെരുമാറിയ രോഗി പെട്ടെന്ന് മരിച്ചതിലാണ് ബന്ധുക്കൾക്ക് സംശയമായത്. ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.ഉദയലക്ഷ്മിയുടെ ബന്ധുക്കളുടെ പരാതിയിൽ വെൺമണി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷം കേസിലെ തുടർനടപടികൾ തീരുമാനിക്കുമെന്ന് പൊലീസ് .
https://www.facebook.com/Malayalivartha
























