സൈബർ ആക്രമണത്തിൽ പരാതി... കോൺഗ്രസിൽ കൂട്ടയടി തുടരവേ സൈബർ ആക്രമണം ശക്തം, കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലെ പോരാട്ടത്തേക്കാൾ കടുത്ത വാക്പോരിലേക്ക്. അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. അധിക്ഷേപ പരാമർശം നടത്തിയ 80 വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്.
അതേസമയം ഷാഫി പറമ്പിലിനെതിരെ കോൺഗ്രസിനുള്ളിൽ ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ രംഗത്തെത്തി. രാജ്മോഹൻ ഉണ്ണിത്താനും ജെ.എസ് അഖിലും ചേർന്ന് ഷാഫിയുടെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നാണ് ഷജീറിന്റെ ആരോപണം. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന രീതിയിലാണ് ഇരുവരുടെയും നീക്കങ്ങളെന്നും ഷാഫിയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നത് സിപിഎമ്മിനും ബിജെപിക്കും വിടുപണി ചെയ്യുന്നതിന് തുല്യമാണെന്നും ഷജീർ തുറന്നടിച്ചു. സംഭവത്തിൽ കെപിസിസി നേതൃത്വം അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കെപിസിസിക്കും പരാതി നൽകുമെന്നും ഷജീർ വ്യക്തമാക്കി.
ജെ.എസ് അഖിലിനെതിരെയാണ് ഷജീർ ഏറ്റവും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. വീരശൂര പരാക്രമിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അഖിലിന്റെ രാഷ്ട്രീയ യോഗ്യത എന്താണെന്ന് പരസ്യമായി ചോദിക്കുകയാണെന്ന് ഷജീർ പറഞ്ഞു. താൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും അഖിലിനെ കണ്ടിട്ടില്ല. പോലീസിന്റെ തല്ലുകൊള്ളാൻ പോലും കൂടെയുണ്ടായിരുന്നില്ല. ജലപീരങ്കിയുടെ ഒരുതുള്ളി വെള്ളം പോലും ദേഹത്ത് വീണിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തെക്കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു പരിഹാസം.
ഉമ്മൻചാണ്ടിയുടെ വീട്ടിൽ കിടന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാമെന്ന ധാരണ വേണ്ടെന്നും ഷജീർ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഭക്തനായതുകൊണ്ട് മാത്രം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ലെന്നും വിമർശിച്ചു. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന ചാരപ്പണിയാണ് അഖിൽ നടത്തിയതെന്നും യൂസ് ലെസ് ആണെന്നും സാമാന്യബുദ്ധിയില്ലെന്നും ഷജീർ അധിക്ഷേപിച്ചു. അഖിലിന്റെ പേര് പറയുന്നത് അഖിൽ മാത്രമാണെന്നും മാധ്യമങ്ങൾക്ക് വാർത്തകൾ ചോർത്തിക്കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും കൂട്ടിച്ചേർത്തു.
രാജ്മോഹൻ ഉണ്ണിത്താനെയും ഷജീർ വെറുതെ വിട്ടില്ല. സാധാരണക്കാരായ ആളുകൾക്ക് വേണ്ടി ഉണ്ണിത്താനും അഖിലും എപ്പോഴെങ്കിലും മുന്നിൽ വന്ന് സംസാരിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉമ്മൻചാണ്ടിയുടെ ഡയറിയിൽ പലരുടെയും പേരുകൾ ഉണ്ടാകാമെന്നും എന്നാൽ ഉമ്മൻചാണ്ടിയുടെ കത്ത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത് തന്നെ കള്ളമാണെന്നും ഷജീർ ആരോപിച്ചു. ഉമ്മൻചാണ്ടി പറഞ്ഞ പേര് രാഹുൽ മാങ്കൂട്ടത്തിലിന്റേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താന് അതേ നാണയത്തിൽ മറുപടി നൽകാൻ യൂത്ത് കോൺഗ്രസിന് അറിയാമെന്നും മുന്നറിയിപ്പ് നൽകി.
ജെ.എസ് അഖിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാൻ ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ അവകാശവാദമാണ് പുതിയ വിവാദത്തിന് പിന്നിൽ. ഇതിനെതിരെയാണ് നേമം ഷജീർ രംഗത്തെത്തിയത്. നേരത്തെ ഷാഫി പറമ്പിലിനെതിരായ പരാമർശങ്ങളും സൈബർ ആക്രമണ ആരോപണങ്ങളും കോൺഗ്രസിനുള്ളിൽ വലിയ തർക്കത്തിന് വഴിവെച്ചിരുന്നു.
എന്തായാലും ഓരോ ദിവസവും നേതാക്കൾ രംഗത്തെത്തിയതോടെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഷാഫിയുടെ പ്രതിച്ഛായ തകർക്കാൻ ഗൂഢാലോചന നടന്നുവെന്ന ആരോപണവും അതിൽ പാർട്ടി നേതൃത്വം അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കും കെപിസിസിക്കും പരാതി നൽകുമെന്ന ഷജീറിന്റെ പ്രഖ്യാപനം കൂടി വന്നതോടെ കോൺഗ്രസിലെ ആഭ്യന്തര പോര് പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
https://www.facebook.com/Malayalivartha

























