ത്രികോണപ്പോരില്‍ വാശിയേറുന്ന 32 മണ്ഡലങ്ങള്‍

കാത്തിരിപ്പ് അവസാനിക്കുകയാണ്. ശക്തമായ ത്രികോണമത്സരത്തിന്റെ പ്രതീതി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആകാംക്ഷ കനപ്പിക്കുമ്പോള്‍, പരമ്പരാഗത വൈരികളായ എല്‍.ഡി.എഫിനും യു.ഡി.എഫിനും വെല്ലുവിളി ഉയര്‍ത്തിയ എന്‍.ഡി.എ ഇരുമുന്നണികളുടെയും വോട്ടുകളില്‍ എത്രമാത്രം വിള്ളല്‍ വീഴ്ത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.
ബി.ജെ.പിയും പുതുതായി രൂപീകൃതമായ രാഷ്ട്രീയകക്ഷിയായ ഭാരത് ധര്‍മ്മജനസേനയും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യസഖ്യം ശക്തിയായി നിലയുറപ്പിച്ചിരിക്കുന്നത് മുപ്പതോളം മണ്ഡലങ്ങളിലാണ്.
മഞ്ചേശ്വരം, കാസര്‍കോട്, വടകര, സുല്‍ത്താന്‍ബത്തേരി, കുന്ദമംഗലം, മലമ്പുഴ, പാലക്കാട്, കുന്നംകുളം, മണലൂര്‍, പുതുക്കാട്, നാട്ടിക, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, ഉടുമ്പഞ്ചോല, ഏറ്റുമാനൂര്‍, പാലാ, കുട്ടനാട്, ചെങ്ങന്നൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, ചാത്തന്നൂര്‍, നെടുമങ്ങാട്, കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം, പാറശാല, കോവളം മണ്ഡലങ്ങളിലാണ് ശക്തിയായ സാന്നിദ്ധ്യമറിയിച്ച് എന്‍.ഡി.എ നില്‍ക്കുന്നത്.
ഏറിയോ കുറഞ്ഞോ ഈ മണ്ഡലങ്ങളിലെല്ലാം ത്രികോണപ്പോരിന്റെ പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് തന്നെ അവര്‍ വിലയിരുത്തുന്നു. ഇതിന് പുറമേ കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ ഇരുമുന്നണികളും കൈവിട്ട പി.സി. ജോര്‍ജിന്റെ സാന്നിദ്ധ്യവും കോഴിക്കോട് ജില്ലയിലെ വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ. രമയുടെ സാന്നിദ്ധ്യവും മത്സരം കനപ്പിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനുവിന്റെ രംഗപ്രവേശം രാഷ്ട്രീയകേരളം സജീവമായി ചര്‍ച്ച ചെയ്ത വിഷയമാണ്. എന്‍.ഡി.എയും ജോര്‍ജും രമയും അടക്കം ത്രികോണപ്പോര് സൃഷ്ടിച്ച 32 മണ്ഡലങ്ങളില്‍ അതിന്റെ വീറും വാശിയും പ്രകടമാക്കുന്ന പോളിംഗ് ശതമാനം തന്നെയാണ് രേഖപ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.
32 മണ്ഡലങ്ങളിലുമായി ശരാശരി 3.74 ശതമാനത്തിന്റെ വര്‍ദ്ധനയാണ് പോളിംഗില്‍ ദൃശ്യമായിരിക്കുന്നത്. അര ശതമാനം മുതല്‍ 9 ശതമാനം വരെ കണ്ട് വിവിധ മണ്ഡലങ്ങളില്‍ 2011-നെ അപേക്ഷിച്ച് പോളിംഗില്‍ ഇക്കുറി വര്‍ദ്ധനയുണ്ടായിരിക്കുന്നു. സംസ്ഥാനത്തൊട്ടാകെ പോളിംഗില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് 2.23 ശതമാനമാണെന്നിരിക്കെ, അതിനെ കവച്ചുവച്ചുകൊണ്ട് ഈ 32 മണ്ഡലങ്ങളിലുണ്ടായ പോളിംഗ് വര്‍ദ്ധനവ് മൂന്ന് മുന്നണികളുടെയും തീക്ഷ്ണമായ പോരാട്ടത്തിന്റെ സൂചനയായി രാഷ്ട്രീയകക്ഷികള്‍ സ്വയം വിലയിരുത്തുകയുമാണ്.
യു.ഡി.എഫ് വിട്ട് ഇടതിനൊപ്പം ചേരാനെത്തി, അവസാനനിമിഷം അവരും തഴഞ്ഞപ്പോള്‍ വെല്ലുവിളിച്ച് മത്സരിക്കാനിറങ്ങിയ പി.സി. ജോര്‍ജ് ശക്തമായ മത്സരമാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ സൃഷ്ടിച്ചതെന്ന് വ്യക്തമാണ്. പോളിംഗില്‍ 2011-നെ അപേക്ഷിച്ച് ഇവിടെ 9 ശതമാനം വര്‍ദ്ധനവാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി, കേരള കോണ്‍ഗ്രസ്എം പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച നേതാക്കളില്‍ പ്രമുഖനായ പി.സി. ജോസഫാണ്. ജോര്‍ജ്കുട്ടി അഗസ്തിയാണ് കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ത്ഥി. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി എം.ആര്‍. ഉല്ലാസും. ഫലത്തില്‍ ചതുഷ്‌കോണമത്സരം തന്നെയാണ് മണ്ഡലത്തില്‍. കഴിഞ്ഞതവണ പി.സി. ജോര്‍ജ് 15704 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തിലെ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതം.
കെ.കെ. രമ മത്സരിക്കുന്ന വടകരയില്‍ പോളിംഗില്‍ നേരിയ വര്‍ദ്ധനവേ ഉള്ളൂ എങ്കിലും രമയുടെ സാന്നിദ്ധ്യം ഇക്കുറി സിറ്റിംഗ് മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് പോരാട്ടം കടുത്തതാവുന്നു. 0.66 ശതമാനമാണ് 2011-നെ അപേക്ഷിച്ച് ഇത്തവണ അവിടെ പോളിംഗിലെ വര്‍ദ്ധനവ്. കഴിഞ്ഞതവണ ജനതാദള്‍എസിലെ സി.കെ. നാണു കേവലം 847 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തില്‍ രമ പിടിക്കുന്ന വോട്ടുകള്‍ അതീവ നിര്‍ണായകം. ജനതാദള്‍യുവിലെ മനയത്ത് ചന്ദ്രനാണ് യു.ഡി.എഫ് എതിരാളി. ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്ത് ഒരു ശതമാനത്തിനടുത്ത് പോളിംഗില്‍ വര്‍ദ്ധനവുണ്ടായി. 76.19 ശതമാനമാണ് ഇത്തവണ പോളിംഗ്.
2011-ല്‍ 75.21 ശതമാനം. കെ. സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവും മുസ്‌ളിംലീഗിലെ സിറ്റിംഗ് എം.എല്‍.എ അബ്ദുള്‍റസാഖും എതിരാളികള്‍. കാസര്‍കോട്ട് സിറ്റിംഗ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ രവിഷ തന്ത്രി ബി.ജെ.പിയുടെയും എ.എ. അമീന്‍ ഇടതുമുന്നണിയുടെയും എതിരാളികളാണ്. 2011-നെ അപേക്ഷിച്ച് 2.88ശതമാനമാണ് ഇക്കുറി അവിടെ പോളിംഗിലുണ്ടായിട്ടുള്ള വര്‍ദ്ധനവ്. 76.38 ശതമാനമാണ് ഇത്തവണ പോളിംഗ്.
സി.കെ. ജാനു മത്സരിക്കുന്ന സുല്‍ത്താന്‍ബത്തേരിയില്‍ പോളിംഗില്‍ 5.28 ശതമാനം വര്‍ദ്ധനവാണ് പ്രകടമായിരിക്കുന്നത്. സിറ്റിംഗ് എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ യു.ഡി.എഫിന്റെയും രുഗ്മിണി സുബ്രഹ്മണ്യന്‍ എല്‍.ഡി.എഫിന്റെയും എതിരാളികള്‍. ഇക്കുറി പോളിംഗ് 78.55 ശതമാനമാണ്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് 1.16 ശതമാനത്തിന്റെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ 3.05 ശതമാനത്തിന്റെയും വര്‍ദ്ധനവ് 2011-നെ അപേക്ഷിച്ച് ഇക്കുറി പോളിംഗിലുണ്ടായി. മലമ്പുഴയില്‍ ജില്ലയിലെ പ്രമുഖ ബി.ജെ.പി നേതാവായ കൃഷ്ണകുമാറും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയുമാണ് വി.എസിനെ എതിരിടുന്നത്. വി.എസ് നേടിയ 23440 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കുക എളുപ്പമല്ല.
ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമറിയിച്ച മറ്റൊരു മണ്ഡലമായ പാലക്കാടും പോളിംഗില്‍ 4.72 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ശോഭസുരേന്ദ്രനും എന്‍.എന്‍. കൃഷ്ണദാസും സിറ്റിംഗ് എം.എല്‍.എ ഷാഫി പറമ്പിലുമാണ് ഇവിടെ പരസ്പരം ഏറ്റുമുട്ടുന്നത്. പാലക്കാട്ടെ ഷാഫിയുടെ ഭൂരിപക്ഷം 7403 വോട്ടിന്റേതാണ്. തൃശൂര്‍ ജില്ലയിലെ കുന്നംകുളവും മണലൂരും എന്‍.ഡി.എ കരുത്ത് തെളിയിക്കാന്‍ ശ്രമിക്കുന്ന മണ്ഡലങ്ങളാണ്. രണ്ടിടത്തും കഴിഞ്ഞതവണ നേരിയ മാര്‍ജിനിലാണ് സിറ്റിംഗ് എം.എല്‍.എമാര്‍ കടന്നുകൂടിയത്. 481 വോട്ടുകള്‍ക്ക് കുന്നംകുളത്ത് സി.പി.എമ്മിലെ ബാബു എം.പാലിശ്ശേരിയും 481 വോട്ടുകള്‍ക്ക് മണലൂരില്‍ കോണ്‍ഗ്രസിലെ പി.എ. മാധവനും ജയിച്ചു. കുന്നംകുളത്ത് ഇക്കുറി സി.പി.എം ജില്ലാസെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന്‍ മത്സരിക്കുമ്പോള്‍ എതിരാളി സി.എം.പിയിലെ സി.പി. ജോണാണ്. ബി.ജെ.പിയുടെ കെ.കെ. അനീഷ് കുമാര്‍ എന്‍.ഡി.എ എതിരാളി.
മണലൂരില്‍ അബ്ദുറഹ്മാന്‍ കുട്ടിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമ്പോള്‍ മുന്‍ എം.എല്‍.എ മുരളി പെരുനെല്ലിയാണ് സി.പി.എം എതിരാളി. ബി.ജെ.പി പ്രമുഖന്‍ എ.എന്‍. രാധാകൃഷ്ണന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും. എന്‍.ഡി.എ വരുത്തുന്ന വിള്ളല്‍ രണ്ടിടത്തും നിര്‍ണായകമെന്ന് കഴിഞ്ഞതവണത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ.
തലസ്ഥാനജില്ലയില്‍ ബി.ജെ.പിയിലെ വമ്പന്മാര്‍ മാറ്റുരയ്ക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട മണ്ഡലങ്ങളിലും ഇതേ വീറും വാശിയും പ്രകടം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ പോളിംഗിലെ വര്‍ദ്ധനവ് 2011-നേക്കാള്‍ 5.6 ശതമാനമാണ്. കെ. മുരളീധരനും ടി.എന്‍. സീമയും എതിരാളികള്‍. ഒ. രാജഗോപാല്‍ മത്സരിക്കുന്ന നേമത്ത് 6.51ശതമാനവും വി. മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടത്ത് 6.36 ശതമാനവും പി.കെ. കൃഷ്ണദാസ് മത്സരിക്കുന്ന കാട്ടാക്കടയില്‍ 6ശതമാനവുമാണ് പോളിംഗിലുണ്ടായ വര്‍ദ്ധനവ്. നേമത്ത് വി. ശിവന്‍കുട്ടിയും വി. സുരേന്ദ്രന്‍ പിള്ളയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും എം.എ. വാഹിദും കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍. ശക്തനും ഐ.ബി. സതീഷും എതിരാളികളായെത്തിയത് മത്സരം കടുപ്പിച്ചു.
ബി.ഡി.ജെ.എസ് ശക്തിയായി നില്‍ക്കുന്ന കോവളത്ത് 5.92 ശതമാനം പോളിംഗ് വര്‍ദ്ധിച്ചു. ടി.എന്‍. സുരേഷ് ആണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ജമീല പ്രകാശം എല്‍.ഡി.എഫിന്റെയും എം. വിന്‍സന്റ് യു.ഡി.എഫിന്റെയും എതിരാളികളാണ്. കഴിഞ്ഞതവണ കഴക്കൂട്ടത്ത് വാഹിദിന് 2196 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ 16167 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയപ്പോള്‍ നേമത്ത് വി. ശിവന്‍കുട്ടിക്ക് 6415 വോട്ടിന്റെ ലീഡ് നേടാനായി. കോവളത്ത് ജമീലയുടെ ലീഡ് 7205 വോട്ടാണ്. കാട്ടാക്കടയില്‍ ശക്തന്റേത് 12916ഉം. ലീഡ്‌നിലയിലെ വ്യത്യാസം അപ്രസക്തമാക്കുന്നതാണ് ഇവിടങ്ങളിലെ പോരാട്ടമെന്നതാണ് ശ്രദ്ധേയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha