കനത്ത മഴ തുടരുന്നു: നിരവധി വീടുകള്‍ തകര്‍ന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി തോരാതെ പെയ്ത കനത്ത മഴയില്‍ വിവിധ ഇടങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കരമനയാറ്റിലും കിള്ളിയാറിലും നെയ്യാറിലും ജലനിരപ്പ് ഉയര്‍ന്നു. കുന്നുകുഴി, മരുതംകുഴി, ചാക്ക, മുട്ടത്തറ, കണ്ണമ്മൂല, ഗൗരീശപട്ടണം, തിരുവല്ലം, വാഴമുട്ടം, വിഴിഞ്ഞം, ജഗതി, ഇടപ്പഴഞ്ഞി, വേളിപൊഴി തുടങ്ങിയയിടങ്ങളില്‍ നൂറുകണക്കിനു വീടുുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ജില്ലാ ഭരണകൂടം ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ളവ എത്തിച്ചുകൊടുക്കാനുള്ള തീവ്രശമത്തിലാണ്.
വ്യാഴാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇന്നലെ പുലര്‍ച്ചെവരെ തുടര്‍ന്നു. മലയോരമേഖലകളില്‍ മഴ തുടരുകയാണ്. എസ്.എസ് കോവില്‍ റോഡ്, തമ്പാനൂര്‍ കിഴക്കേക്കോട്ട, പഴവങ്ങാടി എന്നിവിടങ്ങളിലും ഇന്നലെ വെള്ളംപൊങ്ങി. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞതോടെ മാലിന്യങ്ങള്‍ നഗരത്തില്‍ ഒഴുകി പടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തമ്പാനൂര്‍ മസ്ജിദ് റോഡിനു സമീപമുള്ള പലവീടുകളില്‍ നിന്നും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളക്കെട്ട് തുടരുന്നത് ഗതാഗതത്തെയും ബാധിക്കുന്നുണ്ട്.
ശ്രീകണേഠശ്വരം മേല്‍പ്പാലത്തിനു സമീപവും പുന്നപുരം ഭാഗത്തും റോഡ് കുഴിച്ചിട്ടിരിക്കുന്നതുമൂലം റോഡില്‍ രൂപപ്പെട്ടിരിക്കുന്ന വന്‍ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ ഇതില്‍പ്പെട്ട് ചെറുവാഹനങ്ങള്‍ മറിയുന്നത് നിത്യസംഭവമായിട്ടുണ്ട്. അട്ടക്കുളങ്ങര ബൈപാസ് റോഡിലും കരിമഠംകോളനിയിലും രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് ഇവിടങ്ങളിലെ താമസക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ ചാക്കബൈപ്പാസ്, പാറ്റൂര്‍ തുടങ്ങിയയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി. നിരവധിയിടങ്ങളില്‍ വൈദ്യുതിടെലഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം വീണ്ടും രൂക്ഷമായി. മഴതുടരുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നവരുടെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണ്ണമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha