അധികാരമില്ലാത്ത പദവി വേണ്ട: വി.എസ്

സംസ്ഥാനത്ത് തന്നെ സ്ഥാനമോഹിയായി ചിത്രീകരിക്കാനുള്ള നീക്കത്തിനു വഴങ്ങില്ലെന്നു കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വ്യക്തമാക്കി വി.എസ് അച്യുതാനന്ദന്‍. സ്ഥാനങ്ങള്‍ മോഹിച്ചു നടക്കുന്നയാളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന കാര്യം പരാതിയായി തന്നെ വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അധികാരമില്ലാത്ത ആലങ്കാരിക പദവികളല്ല, പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പദവിയാണു തനിക്കു വേണ്ടതെന്നാണു വിഎസ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഇന്നലെ വ്യക്തമാക്കിയത്.
ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗത്തിനു മുമ്പായി വിഎസ് യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, വിഎസിനോട് സംസ്ഥാന സര്‍ക്കാരില്‍ പദവി സ്വീകരിക്കണമെന്നു തന്നെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടത്. പോളിറ്റ് ബ്യൂറോയാണു വിഎസിനു കാബിനറ്റ് റാങ്കോടുകൂടിയ സര്‍ക്കാര്‍ പദവി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിനു നല്‍കിയതെന്നും അതു സ്വീകരിക്കാതിരിക്കരുതെന്നും യെച്ചൂരി വിഎസിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ വിഎസ് ഉന്നയിച്ച പാര്‍ട്ടി ഘടകങ്ങളിലെ സാന്നിധ്യമെന്ന ആവശ്യങ്ങളും പരിഗണിക്കാമെന്നും യെച്ചൂരി ഉറപ്പു നല്‍കി. പരോക്ഷമായി തനിക്കു പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം വേണമെന്ന നിലപാടാണ് വി.എസ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പദവി ഏറ്റെടുക്കേണ്ടി വന്നാല്‍ തന്നെ അതു പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണു സ്വീകരിക്കേണ്ടി വന്നതെന്നു വിലയിരുത്തപ്പെടണമെന്നാണ് വിഎസിന്റെ നിലപാട്.
വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണു യെച്ചൂരി വ്യക്തമാക്കിയത്. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പദവിയുടെ കാര്യത്തിലും പിബി കമ്മീഷന്റെ തുടര്‍നടപടികളുടെ കാര്യത്തിലും വി.എസും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. വിഎസിനെതിരായ സംസ്ഥാന നേതൃത്വം നല്‍കിയ ഗൗരവമാര്‍ന്ന ഒട്ടേറെ പരാതികള്‍ പോളിറ്റ് ബ്യൂറോ കമ്മീഷന്റെ പരിഗണനയിലിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്താന്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണു സര്‍ക്കാരില്‍ ഏതെങ്കിലും പദവി സ്വീകരിക്കണമെങ്കില്‍ പാര്‍ട്ടി ഘടകത്തിലും അഗത്വം നല്‍കണമെന്ന സമ്മര്‍ദ തന്ത്രം വിഎസ് പ്രയോഗിക്കുന്നത്.
എന്നാല്‍, സംസ്ഥാന സമിതി- സെക്രട്ടേറിയറ്റ് അംഗത്വമെന്നതു പാര്‍ട്ടി നേതൃത്വം തീരുമാനിക്കേണ്ടതാണെന്നും ഇതിനായി ഇടപെടല്‍ നടത്താമെന്നും യെച്ചൂരി വിഎസിന് ഉറപ്പുകൊടുത്തു. പാര്‍ട്ടിക്കുള്ളില്‍ പദവി ലഭിക്കുന്നതിനു മുമ്പു തന്നെ സര്‍ക്കാറില്‍ പദവി ഏറ്റെടുക്കണമെന്നും യെച്ചൂരി വിഎസിനോട് അഭ്യര്‍ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















