അലങ്കാര പദവി നല്‍കി മൂലക്കിരുത്താമെന്ന് വിചാരിക്കേണ്ടാ, പാര്‍ട്ടി ഘടകത്തില് അവസരം നല്‍കണമെന്ന് വി.എസ്

സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനത്തെിയ വി.എസ്. അച്യുതാനന്ദനുമായി ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില് വി.എസിന്റെ പദവിയെക്കുറിച്ച് ചര്‍ച്ച നടത്തി. ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്കണമെന്ന നിര്‌ദേശം സംസ്ഥാന നേതൃത്വത്തിനു പോളിറ്റ് ബ്യൂറോ നല്‍കിയെന്നും അതിനാല് സ്വീകരിക്കാതിരിക്കരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പാര്‍ട്ടി ഘടകങ്ങളില് പ്രവര്ത്തിക്കാന്‍ താല്പ്പര്യപ്പെടുന്ന വി.എസിന്റെ ലക്ഷ്യം സംസ്ഥാന സമിതി സെക്രട്ടേറിയറ്റ് അംഗത്വമാണ്.
ഇടഞ്ഞുനില്ക്കുന്ന വി.എസിനെ അനുനയിപ്പിക്കുന്നതിനാണ് കേന്ദ്രകമ്മിറ്റി യോഗം തുടങ്ങുന്നതിനു മുമ്പു യെച്ചൂരി നടത്തിയ കൂടിക്കാഴ്ച. എന്നാല്‍ താന് സ്ഥാനമോഹിയാണെന്നു ചിത്രീകരിക്കാന് ശ്രമിച്ച സര്ക്കാരില് ആലങ്കാരിക പദവികള് വഹിക്കാന് താല്പ്പര്യമില്ലെന്നു യെച്ചൂരിയെ വി.എസ്. അറിയിച്ചു.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‌നിന്ന് ഇറങ്ങിപ്പോയ വി.എസിനെ സംസ്ഥാനസമിതിയില് ഉള്‌പ്പെടുത്താന് ഇതുവരെ സംസ്ഥാന നേതൃത്വം തയാറാവാത്ത സാഹചര്യത്തില് സര്ക്കാരില് ഏതെങ്കിലും പദവി സ്വീകരിക്കണമെങ്കില് പാര്ട്ടി ഘടകത്തിലും അംഗത്വം നല്കണമെന്ന സമ്മര്ദതന്ത്രം വി.എസ്. പ്രയോഗിക്കുകയായിരുന്നു. ഇറങ്ങിപ്പോകല്‍ സംഭവത്തിനു ശേഷം വി.എസിനെ പ്രത്യേക ക്ഷണിതാവ് മാത്രമായാണ് ഉള്‌പ്പെടുത്തിയിരുന്നത്.
സംസ്ഥാന സമ്മേളനത്തില്‌നിന്ന് ഇറങ്ങിപ്പോയ വി.എസിനെ സംസ്ഥാനസമിതിയില് ഉള്‌പ്പെടുത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാവില്ല, സംസ്ഥാന നേതൃത്വം നല്കിയ പരാതികള് പി.ബി. കമ്മിഷന്റെ പരിഗണനയിലിരിക്കേ സെക്രട്ടേറിയറ്റിലും വി.എസിനെ ഉള്‌പ്പെടുത്താനിടയില്ല. എന്നാല്‍, സംസ്ഥാന സമിതി സെക്രട്ടേറിയറ്റ് അംഗത്വമെന്നതു പാര്ട്ടി നേതൃത്വം തീരുമാനിക്കേണ്ടതാണെന്നും ഇതിനായി ഇടപെടല് നടത്താമെന്നും യെച്ചൂരി വി.എസിന് ഉറപ്പുനല്കി. വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില് ഉള്‌പ്പെടുത്തുന്നതിനു തടസമായ പി.ബി. കമ്മിഷന്റെ പ്രവര്ത്തനം അവസാനിപ്പിക്കണമെന്ന നിലപാടാണ് യെച്ചൂരിക്കുള്ളത്. ഇന്നു കേന്ദ്ര കമ്മിറ്റി അവസാനിച്ച ശേഷം ചേരുന്ന പി.ബി. യോഗത്തില് ഇക്കാര്യം ചര്ച്ച ചെയ്യുമെന്നാണു പ്രതീക്ഷ. പാര്‍ട്ടി സെക്രട്ടറിയേറ്റ് സ്ഥാനം ലഭിക്കുന്നതിനു മുമ്പു തന്നെ സര്ക്കാരില് പദവി ഏറ്റെടുക്കണമെന്നും യെച്ചൂരി അഭ്യര്ഥിച്ചു.
വി.എസിന്റെ പദവിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സര്ക്കാരിന്റെ ശ്രദ്ധയില്‌പ്പെട്ടില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു. പൊതുപ്രവര്ത്തനത്തില് പ്രായം ഒരു തടസമല്ലെന്നും പ്രവര്ത്തിക്കാനുള്ള മനസാണ് പ്രധാനമെന്നും പിണറായി പറഞ്ഞു. ഭരണവുമായി ബന്ധപ്പെട്ട പ്രവര്ത്തനത്തില് ഇടപെടുന്ന തരത്തില് വി.എസിനു പദവി നല്കുന്നതില് പിണറായി വിജയന് എതിര്പ്പുണ്ട്.
സി.പി.എം. കേന്ദ്ര കമ്മിറ്റിയുടെ ആദ്യദിവസമായ ഇന്നലെ വി.എസിന്റെ പദവിയുമായി ബന്ധപ്പെട്ട ചര്ച്ചകളൊന്നും ഉയര്ന്നില്ല. കഴിഞ്ഞ ദിവസം നടന്ന പി.ബി. യോഗത്തില് ഇക്കാര്യം ചര്ച്ചചെയ്യാന് യെച്ചൂരി ആഗ്രഹിച്ചിരുന്നെങ്കിലും ബംഗാള് ഘടകത്തിനെതിരായ വിമര്ശനത്തിനും ചര്ച്ചയ്ക്കും ഇടയില് അവസരം ലഭിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















