475 എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമാകും

തലസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച ഇന്ദിരാഗാന്ധി ഗവ. മെഡിക്കല്‍ കോളജ് വേണ്ടെന്ന് വെക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ വര്‍ഷം നഷ്ടമാകുന്ന എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 475. സംസ്ഥാനത്തെ ആറ് സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ വര്‍ഷം അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതുമൂലം 750 സീറ്റുകളുടെ കുറവാണ് ഉണ്ടാവുക. ഇതില്‍ 375 എണ്ണം സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളാണ്.
25,000 രൂപ മാത്രം വാര്‍ഷിക ഫീസില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്നത്. ഇവിടെ 100 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. ഇതില്‍ 90 സീറ്റുകളിലാണ് 25,000 രൂപ മാത്രം ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. 10 സീറ്റുകളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കാനായി നീക്കിവെച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെ 'ശരിയാക്കുന്ന' നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മെഡിസിന്‍ പഠനത്തിന് ആവശ്യമായ സീറ്റുകളില്ലാതെ അന്യസംസ്ഥാനങ്ങളില്‍ ഉയര്‍ന്ന തുക ഫീസ് നല്‍കി പഠിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിനെ വളരെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ മെഡിക്കല്‍ കോളജുതന്നെ വേണ്ടെന്ന് വെക്കുകയാണ്.
മറ്റു സംസ്ഥാന സര്‍ക്കാറുകള്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി കിട്ടാന്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇവിടെ അനുമതി ലഭിച്ച കോളജ് വേണ്ടെന്നുവെക്കുന്നത്. തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജില്‍ ക്ലാസ്സുകളാരംഭിക്കുന്നതിനുവേണ്ടി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷമാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1,38,000 ചതുരശ്രഅടി വിസ്തൃതിയുള്ള അക്കാദമിക് ബ്ലോക്ക്, ഒ.പി, ഐ.പി, റജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, അത്യാഹിത വിഭാഗം, സെന്റര്‍ സെക്ഷന്‍ ഓക്‌സിജന്‍, ഇ.ടി.ഒ സ്‌റ്റെറിലൈസേഷന്‍, ലൈബ്രറി ലാബ് സൗകര്യങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ 134 തസ്തികകള്‍ സൃഷ്ടിച്ച് നിയമനവും നടത്തി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമിതി, കോളജിന്റെ അക്കാദമിക് ബ്ലോക്ക്, ജനറല്‍ ആസ്പത്രി, തൈക്കാട് ആസ്പത്രി എന്നിവിടങ്ങളില്‍ രണ്ട് തവണ പരിശോധന നടത്തി ബോധ്യപ്പെട്ട ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ 100 സീറ്റുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നല്‍കിയത്. കോളജിന്റെ പ്രവര്‍ത്തനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ 21 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ 11 കോടി രൂപ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലും നിക്ഷേപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























