ജിഷ കൊലക്കേസ്: അയല്‍വാസികളുടെ മൊഴി നിര്‍ണ്ണായകമാവും

ജിഷ കൊലക്കേസില്‍ തിരിച്ചറിയല്‍ പരേഡിനു മുമ്പ് പിടികൂടിയ അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഫോട്ടോയും വീഡിയോയും അയല്‍വാസികളെ കാണിച്ചിരുന്നതായി റിപ്പോര്‍ട്ട്. സംഭവദിവസം 50 മീറ്ററിലേറെ ദൂരെ നിന്നാണ് ദൃക്‌സാക്ഷിയായ വീട്ടമ്മ പ്രതിയെ കണ്ടത്. സംഭവസമയത്തു വട്ടോളിപ്പടിയില്‍ മഴ പെയ്തത് ഇവരുടെ കാഴ്ചയെ ബാധിച്ചതായാണു വിവരം. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സ്ഥിരീകരിക്കുന്നതിനാണു ഫോട്ടോയും വീഡിയോയും മുന്‍കൂട്ടി കാണിച്ചത് പ്രതി അമീര്‍ ഉള്‍ ഇസ്ലാം തന്നെയാണെന്ന് തിരിച്ചറിയാനാണെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരിയില്‍ രാത്രി ഏഴിന് പ്രതി ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങി പിറകു വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത് കണ്ടവരുടെ മൊഴിയും മുന്‍പരിചയത്തിലേക്കാണ് വഴിതെളിക്കുന്നത്. സംഭവദിവസം രാവിലെ പതിനൊന്നിന് അമീര്‍ ഉളിനെ ജിഷയുടെ വീടിനു സമീപം കണ്ടെന്ന അയല്‍വാസിയുടെ മൊഴിയും നിര്‍ണായകമാവും. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അയല്‍വാസിയുടെ പിതാവാണ് ഇയാളെ കണ്ടതായി മൊഴി നല്‍കിയത്. തനിക്ക് ഇന്ന് ജോലിയില്ലേ എന്നാണ് അയല്‍വാസി അമീര്‍ ഉളിനോട് ചോദിച്ചത്. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാതെയാണ് അമീര്‍ ഉള്‍ അവിടെനിന്നു പോയത്. പിന്നീടു ജിഷ പുറത്തുപോയി ഉച്ചയ്ക്ക് 1.30നാണ് തിരിച്ചെത്തിയത്. പുറത്തുപോകുന്ന സമയത്ത് ഇയാളെ സംഭവസ്ഥലത്തു കണ്ടതിനു പിന്നിലെ ദുരൂഹതയും നിലനില്‍ക്കുന്നു. ജിഷ എവിടേക്കാണ് പോയതെന്നു കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല. പിന്നീട് വൈകിട്ട് ഇയാള്‍ കൃത്യം നിര്‍വഹിച്ചശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയും കുറുപ്പംപടി വൈദ്യശാലപ്പടിയിലുള്ള മുറിയിലെ കിടക്കയ്ക്ക് അടിയിലാണ് ഒളിപ്പിച്ചത്. പിന്നീട് ഇതു മറ്റാരോ എടുത്തുമാറ്റി തെളിവു നശിപ്പിച്ചതായാണ് സൂചന.
ജിഷയുടെ ഫോണിലേക്കു വിളിച്ച ഫോണ്‍ കോളുകളാണ് അമീര്‍ ഉളിനെ കുടുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കോണ്‍ട്രാക്ടറുടേയും സുഹൃത്തുക്കളുടേയും ഫോണില്‍നിന്ന് ഒമ്പതു കോളുകളാണ് ഇയാള്‍ വിളിച്ചത്. ഇക്കാര്യം കോണ്‍ട്രാക്ടര്‍ അടക്കമുള്ളവരുടെ മൊഴിയിലുണ്ട്. അതേസമയം ജിഷയ്ക്ക് മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നെന്ന വിശ്വാസത്തില്‍ തന്നെയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. പ്രതിയെ ജിഷയുടെ അമ്മ രാജേശ്വരിക്ക് മുന്‍ പരിചയമുണ്ടായിരുന്നതായും ഇവര്‍ പറയുന്നു. ജിഷ കൊല്ലപ്പെട്ടതറിഞ്ഞ് മോഹാലസ്യപ്പെട്ടു വീണ രാജേശ്വരി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവനുമായി ചങ്ങാത്തം വേണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞെന്നാണ് വിശ്വസനീയകേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് രാജേശ്വരിയില്‍ നിന്നു മൊഴിയെടുക്കും. പ്രതിയുമായി മുന്‍പരിചയമുണ്ടെന്നു തെളിഞ്ഞാല്‍ കലക്ടറുടെ ജോയിന്റ് അക്കൗണ്ടില്‍ സമാഹരിച്ച തുക ഇവര്‍ക്ക് കൈമാറാന്‍ സാധ്യതയില്ലെന്നും അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























