കുളത്തൂര്‍ കൂട്ട ആത്മഹത്യക്കു പിന്നില്‍ ഗുണ്ടയുടെ ഭീഷണി?

കുളത്തൂര്‍ എസ്.എന്‍.എം വായനശാലയ്ക്ക് സമീപം പൂന്തിവിളാകംവാറില്‍ വീട്ടില്‍ ശ്രീകുമാര്‍ (40), ഭാര്യ ശുഭ (35), മക്കളായ വൈഗ (6), വിനായക് എന്ന് വിളിക്കുന്ന ധനു (ഒന്നര) എന്നിവരെ മംഗലപുരം തോന്നയ്ക്കല്‍ വേങ്ങോടിന് സമീപം വാടകവീട്ടില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടത്തിയത്. ശ്രീകുമാറിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയശേഷമാണ് ഇയാള്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ഗുണ്ടാ സംഘം ശ്രീകുമാറിനെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നുണ്ട്.
ശനിയാഴ്ച രാത്രിയാകാം സംഭവമെന്നാണ് കരുതുന്നത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായിരുന്നു ശ്രീകുമാര്‍. അടുത്തകാലത്തായി വീടുകള്‍ നിര്‍മ്മിച്ച് വില്‍പ്പനയും ശ്രീകുമാര്‍ നടത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബിസിനസിലെ സാമ്പത്തിക ബാദ്ധ്യതയോ പണമിടപാടിനെ ചൊല്ലി ചിലരില്‍ നിന്നുണ്ടായ ഭീഷണിയോ ആകാം സംഭവത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ സംശയം. കുളത്തൂരില്‍ നിന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീകുമാര്‍ വേങ്ങോട്ടായിരുന്നു താമസിച്ചുവന്നത്. ഇന്നലെ രാവിലെ മുതല്‍ ശ്രീകുമാറിനെ കുളത്തൂരില്‍ നിന്ന് ബന്ധുക്കളില്‍ ചിലരും ബിസിനസ് പാര്‍ട്ണറായ കാട്ടായിക്കോണം സ്വദേശിയും പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. അവധി ദിവസമായതിനാലാകാമെന്ന് കരുതിയ അവര്‍ ഉച്ചയ്ക്കുശേഷം വീണ്ടും ശ്രീകുമാറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗേറ്റും വാതിലും പൂട്ടിയിടുകയും പുറത്തെ ലൈറ്റുകള്‍ ഓണായി കിടക്കുകയും ചെയ്‌തെങ്കിലും ഞായറാഴ്ചകളില്‍ ചിലപ്പോള്‍ എറണാകുളം കടവന്ത്രയിലെ ഭാര്യവീട്ടില്‍ പോകാറുള്ളതിനാല്‍ പരിസരവാസികളും ഇത് ഗൗനിച്ചില്ല. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ വീട്ടിനുള്ളില്‍ എ.സി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കിയ അയല്‍വാസി സംശയംതോന്നി കുളത്തൂരിലുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കുടവൂരെത്തി കിടപ്പ് മുറിയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കട്ടിലില്‍ ധനുവിനെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന നിലയിലാണ് ശുഭയുടെ മൃതദേഹം. തൊട്ടടുത്ത് വായില്‍നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ വൈഗയെയും കണ്ടെത്തി.
വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് മംഗലപുരം പൊലീസെത്തി മരണം സ്ഥിരീകരിച്ചു. വീട്ടിലെ ഡൈനിംഗ് റൂമില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ശ്രീകുമാറിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളാണ് പരാമര്‍ശിച്ചിട്ടുള്ളത്. ശ്രീകുമാറിന് കിട്ടാനുള്ളതും കൊടുക്കാനുള്ളതമായ ലക്ഷങ്ങളുടെ കണക്കാണ് അതില്‍ വിവരിച്ചിട്ടുള്ളത്. കത്തിന്റെ അവസാനം എറണാകുളത്തെ ഭാര്യ വീട്ടിലെ ഫോണ്‍ നമ്പരും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വീട് സീല്‍ ചെയ്ത് പൊലീസ് കാവലേര്‍പ്പെടുത്തി. കഴിഞ്ഞ കുറച്ച് നാളുകളായി ഒരു ഗുണ്ടാ സംഘം ശ്രീകുമാറിന്റെ ഭാര്യയെയും ശ്രീകുമാറിനെയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇക്കാര്യം പലരോടും ശ്രീകുമാര്‍ വെളിപ്പെടുത്തിയെങ്കിലും ഭയപ്പെടേണ്ടയെന്ന് അവര്‍ ഇയാളെ ആശ്വസിപ്പിച്ചിരുന്നു. പിതാവ് ശ്രീധരന്റെ മരണശേഷം മാതാവ് സുശീല മാത്രമാണ് കുടുംബവീട്ടില്‍ താമസം. ശോഭ, അനില്‍, ശുഭ എന്നിവരാണ് ശ്രീകുമാറിന്റെ സഹോദരങ്ങള്‍. തോന്നയ്ക്കല്‍ രവിശങ്കര്‍ സ്മാരക സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വൈഗ. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍നടപടികളാരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























