ഐഎംസി അംഗീകാരം നഷ്ട്ടപ്പെട്ടു ; ഇടുക്കിയില് മെഡിക്കല് കോളേജ് വിദ്യാര്‍ത്ഥികള്‍ കുത്തിയിരുപ്പ് സമരമാരംഭിച്ചു

ഇടുക്കി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി അനിശ്ചിതകാല കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഐഎംസി അംഗീകാരം നഷ്ടവുമായതിലും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലും പ്രധിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. 38 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളുമാണ് ഉള്‍പ്പെട്ട രണ്ടാവും വര്‍ഷ വിദ്യാര്‍ത്ഥികളാണ് സമരം നയിക്കുന്നത്.
ഐ.എം.സിയുടെ അംഗീകാരം നഷ്ടപ്പെട്ടതിനാല്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസ് ആരംഭിക്കാന്‍ കഴിയുകയില്ല. ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജിന് പൂര്‍ണമായും വിട്ടുകൊടുത്തിട്ടില്ല. ഇത് പഠനത്തെ ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ 98 ശതമാനം വിജയം നേടിയിരുന്നു.
ക്ലാസെടുക്കാന്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തതും കുട്ടികളെ വലക്കുന്നുണ്ട്. നിലവില്‍ എല്ലാ വിഷയത്തിനും കൂടി ഏഴ് അധ്യാപകര്‍ മാത്രമാണുള്ളത്. ത്വക്രോഗം, ശിശുരോഗം, അസ്ഥിരോഗം എന്നിവയിലേക്ക് ഇതുവരെ ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. ഈ വകുപ്പുകള്‍ മെഡിക്കല്‍ കോളജില്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ല. എല്ലാ ദിവസവും പ്രവര്‍ത്തികകാണാമെന്ന നിയമമുണ്ടെങ്കിലും ആഴ്ചയില്‍ ഒരു ദിവസമാണ് ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ 300 ബെഡുകള്‍ വേണമെന്നതും നിയമമാണ് ഇതും ഇതു വരെ നടപ്പിലാക്കിയിട്ടില്ല. പുതിയ ബ്ലോക്ക് പണി പൂര്‍ത്തിയായി ബെഡുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ലെന്ന പേരില്‍ തുറന്നു കൊടുത്തിട്ടില്ല. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുവാനും അനുമതി നല്‍കിയിട്ടില്ല.
ദിവസത്തിലാകെ ഒരു മണിക്കൂര്‍ ക്ലാസ് കഴിഞ്ഞാല്‍ പാരാമെഡിക്കല്‍, ലാബ്, സ്‌കാനിങ് തുടങ്ങി അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വെറുതെ ഇരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. ഡിസംബറില്‍ മോഡല്‍ പരീക്ഷ കഴിഞ്ഞാല്‍ ജനുവരിയില്‍ പ്രധാന പരീക്ഷ എഴുതേണ്ടതിനുള്ള ഒരുക്കമോ ക്ലാസുകളോ അധികൃതരുടെ ഭാഗത്തുനിന്നും ചെയ്തിട്ടില്ല. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എം.പി, എം.എല്‍.എ എന്നിവര്‍ക്ക് വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ഒന്നും എടുക്കാത്തതിനാലാണ് സമരം ആരംഭിച്ചത്.
സമരം ആരംഭിച്ചിട്ടും ബന്ധപ്പെട്ട ആരും വിദ്യാര്‍ഥികളുമായി സംസാരിക്കാനെത്താത്തതിനാല്‍ ഇന്ന് ടൗണിലും നാളെ ഡി.എം.ഒ. ഓഫീസിന് മുമ്പിലും സമരം നടത്തനാണ് തീരുമാനം. തീരുമാനമാകാത്ത പക്ഷം രക്ഷിതാക്കളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നിരാഹാരം ഉള്‍പ്പെടെയുള്ളവയ്ക്കു നേതൃത്വം നല്‍കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























