സദാചാരകൊലക്കേസില്‍ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മലപ്പുറം മങ്കട സദാചാരകൊലക്കേസില്‍ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ അഞ്ച് പ്രതികളെക്കൂടി ഇനിയും പിടികൂടാനുണ്ട്. പൊലീസ് അന്വേഷണം കര്‍ണാടകയിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. കൂട്ടില്‍ സ്വദേശികളായ കട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍, നായക്കത്ത് ഷറഫുദ്ദീന്‍, നായക്കത്ത് അബ്ദുല്‍ നാസര്‍, ചെണ്ണേന്‍കുന്നന്‍ ഷെഫീഖ് എന്നിവരെ ഇന്ന് പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
അന്വേഷണവുമായി ബന്ധപ്പെട്ട് നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പങ്ക് തെളിഞ്ഞാല്‍ ഇന്നോ നാളെയോ അറസ്റ്റുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ടുപേരടക്കം അഞ്ചുപ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി സൂചിപ്പിക്കുന്നത്. കൊലപാതകത്തിന് ശേഷം മര്‍ദനത്തിന് നേതൃത്വം നല്‍കിയ രണ്ട്‌പേര്‍ വയനാട്ടിലേക്ക് രക്ഷപെട്ടിരുന്നു. ഇവരെ തേടി അന്വേഷണസംഘം മാനന്തവാടിവരെ എത്തിയെങ്കിലും പൊലീസ് സാന്നിധ്യമറിഞ്ഞ് പ്രതികള്‍ കര്‍ണാടകയിലേക്ക് രക്ഷപെട്ടു. കര്‍ണാടക പൊലീസിന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം തുടരുന്നത്. പ്രതികള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കി. സംഭവംനടന്നവീട്ടിലെ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























