സലാലയിലെ മലയാളി നേഴ്‌സിന്റെ കൊലയാളി ഇപ്പോഴും അജ്ഞാതന്‍; ലിന്‍സണിനെ നോമ്പ് കഴിഞ്ഞാല്‍ മോചിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍

പ്രതീക്ഷയോടെ കുടുംബം കൈത്താങ്ങാകുവാന്‍ മകന്‍ വരുമെന്ന ആശ്വാസത്തില്‍ ലിന്‍സന്റെ അമ്മ ലിസമ്മ. നോമ്പുകാലം കഴിഞ്ഞാല്‍ ലിന്‍സണെ ഓമാന്‍ പൊലീസ് മോചിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍. സലാലയില്‍ മലയാളി നഴ്‌സ് ചിക്കു കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവൊന്നും ഒമാന്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നോമ്പ് കഴിഞ്ഞാല്‍ ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ പൊലീസ് വിട്ടയയ്ക്കുമെന്നാണ് ഇന്ത്യന്‍ എംബസിയും നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നുമില്ല.
കഴിഞ്ഞ ഏപ്രില്‍ 20നാണ് എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബര്‍ട്ടിനെ സലാലയിലെ ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ചോദ്യംചെയ്യാനായിട്ടാണ് ലിന്‍സനെ പൊലീസ് വിളിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തെളിവെടുപ്പിന്റെ ഭാഗമായാണ് ലിന്‍സനെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ചിക്കുവിന്റെ മൃതദേഹത്തില്‍ ലിന്‍സന്റെ വിരലടയാളം ഉണ്ടായിരുന്നു. ഇതാണ് ലിന്‍സന് വിനയായത്. ഇതിനപ്പുറം ഒരു തെളിവും പൊലീസിന് കിട്ടിയതുമില്ല. അതിനാല്‍ ലിന്‍സനെ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.
ദമ്പതിമാരുമായി പരിചയമുള്ളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ ലിന്‍സനിനെതിരെ പൊലീസിന് മൊഴിയൊന്നും കിട്ടിയില്ല. വിരലടയാളം മാത്രം തെളിവായെടുത്ത് ലിന്‍സനെ കസ്റ്റഡിയില്‍ വയ്ക്കുന്നതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ നോമ്പുകാലം കഴിഞ്ഞാല്‍ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മോചിപ്പിക്കുമെന്നാണ് സൂചന. എങ്കിലും കേസ് അന്വേഷണം തീരും വരെ ലിന്‍സന് ഒമാനില്‍ തന്നെ തുടരേണ്ടി വരുമെന്നും സൂചനയുണ്ട്. ആസൂത്രിത കൊലപാതകമെന്ന് പൊലീസ് വിലയിരുത്തുന്ന കേസില്‍ ഇതുവരെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ലിന്‍സണിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇടപെടുകയും ചെയ്തു. എന്നിട്ടും മോചനം സാധ്യമായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























