ജനപ്രതിനിധിയെ അവഹേളിച്ച കലക്ടര്‍ക്കെതിരെ നടപടി വേണം: എം.കെ രാഘവന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്തും എം.പി എം.കെ രാഘവനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. കലക്ടര്‍ തന്നെ അവഹേളിച്ചുവെന്ന് കാണിച്ച് എം.പി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി. ഇരുവരേയും നേരില്‍ കണ്ടാണ് എം.പി പരാതി നല്‍കിയത്. ജനപ്രതിനിധിയെ അവഹേളിച്ച കലക്ടര്‍ക്കെതിരെ നടപടി വേണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.
നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായും എം.പി പിന്നീട് അറിയിച്ചു. മുഖ്യമന്ത്രിക്കും ചിഫ് സെക്രട്ടറിക്കും രേഖാമൂലം പരാതി നല്‍കി. പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. വിവേകവും പക്വതയും ഇല്ലാത്തതുകൊണ്ടാണ് കലക്ടര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഒരു ജനപ്രതിനിധിയെ എത്രമാത്രം അവഹേളിക്കാമെന്ന് പരിശോധിക്കുകയാണ് കലക്ടര്‍ ചെയ്യുന്നതെന്നും രാഘവന്‍ പറഞ്ഞു.
എം.പിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദമാണ് സമൂഹമാധ്യമങ്ങളിലേക്കുള്ള പോരില്‍ എത്തിയത്. തന്റെ വികസന പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുന്ന കലക്ടര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എം.പി എത്തിയിരുന്നു. ഇതിന് 'കുന്നംകുളത്തിന്റെ മാപ്പ്' ഫേസ്ബുക്കില്‍ ഇട്ടാണ് കലക്ടര്‍ മറുപടി നല്‍കിയത്. കലക്ടര്‍ തന്നെ അപമാനിക്കുകയാണെന്ന എം.പിയുടെ പരാമര്‍ശത്തിന് താന്‍ കുന്നംകുളത്തിന്റെ ഭൂമിശാസ്ത്രം പഠിക്കാനാണ് മാപ്പ് ഇട്ടതെന്നായിരുന്നു കലക്ടറുടെ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം പി.ആര്‍.ഡി വഴി വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനെതിരെ പാര്‍ലമെന്ററി നടപടികളും സൈബര്‍ സെല്‍ കേസുമായി മുന്നോട്ടുപോകുമെന്നും എം.പി പറഞ്ഞു.
അതിനിടെ, ഇന്ന് 'ബുള്‍സ്‌ഐ'യുടെ ചിത്രം കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ അടിക്കുറിപ്പോ വിശേഷണമോ ഒന്നും നല്‍കിയിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സുള്ള എന്‍.പ്രശാന്ത് 'കലക്ടര്‍ ബ്രോ' എന്നാണ് അറിയപ്പെടുന്നത്. കലക്ടര്‍ സ്വീകരിച്ച ജനകീയമായ നടപടികളാണ് ഇതിനു കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























