ഒന്നും ശരിയാകാതെ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ സിപിഐ(എം) സ്ഥാനാര്‍ത്ഥിയായിരുന്നു എം വി നികേഷ് കുമാര്‍. നികേഷ് കുമാര്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മാദ്ധ്യമ സുഹൃത്തുക്കളും പിന്തുണ നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഗ്രസിച്ച് പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ തന്നെയാണ് നികേഷ് കുമാര്‍ മത്സരരംഗത്തേക്കിറങ്ങിയത്. ശമ്പളം മുടങ്ങുന്നത് പതിവായ ചാനലിന്റെ മുതലാളി കൂടിയായ നികേഷ് വിജയിച്ചാല്‍ കാര്യങ്ങളെല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നു എന്നതും ഇടതുപക്ഷത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു എന്നതുമായിരുന്നു ഈ പ്രതീക്ഷയ്ക്ക് ആധാരം. എന്നാല്‍, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. നികേഷ് അഴീക്കോട് മണ്ഡലത്തില്‍ തോറ്റതോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ വീണ്ടും കടുത്ത പ്രതിസന്ധിയിലാണ്.
തുടര്‍ച്ചയായി രണ്ട് മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്. ഏറെക്കാലമായി തുടര്‍ന്നു പോന്ന ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയോടെ ചാനലിലെ തന്നെ പലരും പൊരുത്തപ്പെട്ടു. എന്നാല്‍, ഒരു മാസത്തെ ശമ്പളം മൂന്നും നാല് തവണയായി വീതിച്ച് ലഭിക്കുന്ന അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകര്‍. ശമ്പള വര്‍ദ്ധനവോ മറ്റ് ആനുകൂല്യങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയില്‍ തീര്‍ത്തും ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ് ചാനലില്‍ ജീവനക്കാര്‍. പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ നികേഷ് ചാനലിനോട് അകലം പാലിക്കുകയും ചെയ്യുന്നതോടെ പലര്‍ക്കും പ്രതീക്ഷ നശിച്ച അവസ്ഥയിലാണ്.
തെരഞ്ഞെടുപ്പ് സമയത്ത് അടക്കം ഓടിനടന്ന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്ത് ബ്യൂറോ റണ്‍ ചെയ്യിച്ചവര്‍ അടക്കം ഇപ്പോള്‍ പ്രതിസന്ധിയുടെ കയത്തിലാണ്. രണ്ട് മാസത്തെ ശമ്പളം ലഭിക്കാനുള്ളിടത്ത് ആയിരം രൂപ മാത്രം അക്കൗണ്ടില്‍ ലഭിച്ച മാദ്ധ്യമപ്രവര്‍ത്തകരുണ്ട്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ ജീവനക്കാര്‍. ചാനലിന്റെ സാമ്പത്തിക ബാധ്യതയെകുറിച്ചും അടച്ച് പൂട്ടല്‍ ഭീഷണിയെ കുറിച്ചുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ഇക്കാലയളില്‍ അനവധിപേര്‍ ചാനല്‍ വിട്ടു. പലരും മറ്റ് ചാനലുകളിലേക്ക് കൂടേറി, ചിലര്‍ വേറെ തൊഴില്‍ തേടി പോയപ്പോള്‍ മറ്റുചിലര്‍ മാദ്ധ്യമപ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു.
അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചാനല്‍ മേധാവി പ്രചരണ സമയത്ത് അഴീക്കോടിന്റെ പ്രശ്‌നങ്ങളെ കുറിച്ച് വാചാലനാവുകയും വീഡിയോ റിപ്പോര്‍ട്ട് ഉള്‍പ്പടെ തയ്യാറാക്കി വോട്ടു നേടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വന്തം സ്ഥാപനത്തില്‍ കൃത്യമായി ശമ്പളം പോലും നല്‍കാതെ മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നുപോലും ചിന്തിക്കാതെയാണോ നാട് നന്നാക്കുന്നത് എന്ന് യുഡിഎഫ് തിരിച്ചടിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇതേ ചാനലിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ യുഡിഎഫ് എങ്കിലും ഉണ്ടായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും കാര്യങ്ങള്‍ അല്‍പ്പം നല്ലവിധത്തില്‍ പോയി. ബാര്‍ മുതലാളിമാരായ ചിലരുടെയും സഹായം ചാനലിന് അന്ന് ലഭിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരുടെ ആവേശവും കെട്ടടങ്ങി.
തിരഞ്ഞെടുപ്പ് തോല്‍വിയോടെ നികേഷ് കുമാര്‍ മാദ്ധ്യമ രംഗത്തേക്ക് തിരികെ എത്തിയില്ല. കണ്ണൂരിലാണ് അദ്ദേഹം കൂടുതല്‍ സമയം ചിലവഴിക്കുന്നത്. നികേഷ് ചാനലിന്റെ മുഖമല്ലാതായതോടെ ചാനല്‍ ബാര്‍ക്ക് റേറ്റിംഗിലും പിന്നിലായി. കിട്ടിയ അവസരത്തില്‍ മറ്റു ചാനലുകളിലേക്ക് പ്രമുഖര്‍ കുടിയേറുകയും ചെയ്തു. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച ചാനലില്‍ തുടര്‍ന്നവര്‍ തീര്‍ത്തും നിരാശരാണിന്ന്. ചാനലില്‍ ശമ്പളം മുടങ്ങിയതും സഹപ്രവര്‍ത്തകരുടെ കഷ്ടപ്പാടും അറിഞ്ഞ് ചില മാദ്ധ്യമപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെ ചാനലിലെ ശമ്പള പ്രശ്‌നം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ സജീവമാകാനും ഒരുങ്ങുകയാണ്.
മറ്റെല്ലാ തൊഴില്‍ മേഖലയിലും തൊഴില്‍ വകുപ്പിന്റെ അടക്കം ഇടപെടല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ചാനല്‍ ജീവനക്കാരുടെ ജീവിത പ്രശ്‌നത്തില്‍ ഇതുവരെ ആര്‍ക്കും ഇടപെടാന്‍ സാധിച്ചിട്ടില്ല. എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച നികേഷ് കുമാറിന്റെ ചാനലിലെ ശമ്പള പ്രശ്‌നത്തില്‍ സര്‍ക്കാറിനോടും പരാതി പറയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇന്ത്യാവിഷന്‍ ചാനലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ടി പി രാമകൃഷ്ണനാണ് ഇപ്പോഴത്തെ തൊഴില്‍ മന്ത്രി. അതുകൊണ്ട് തന്നെ ചാനലിലെ ജീവനക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി അറിവുണ്ട് താനും. എന്നാല്‍, സിപിഐ(എം) ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയുടെ ചാനലിലെ ജീവനക്കാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ മന്ത്രി മുന്‍കൈയെടുക്കുമോ എന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























