പഴയ പ്രസ്താവനകള്‍ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു.. വാളെടുത്ത് പട വെട്ടുന്നവര്‍ ഭരണത്തില്‍ എത്തുമ്പോള്‍ എല്ലാം സൗകര്യപൂര്‍വ്വം മറക്കുന്നതിനെതിരെ ഒരു ഓര്‍മ്മപ്പെടുത്തല്‍ വീഡിയോ

പത്രവാര്‍ത്തകള്‍ വളച്ചൊടിച്ചു എന്ന് വാദിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ന്യൂസ് ബൈറ്റുകള്‍ അതും സ്വന്തം ശബ്ദത്തില്‍ തന്നെയാകുമ്പോള്‍ പെട്ടെന്ന് ഒളിച്ചോടാന്‍ കഴിയില്ലല്ലോ. കോണ്‍ഗ്രസ് ഭരണത്തില്‍ ലോട്ടറി രാജാവിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് ഹാജരായപ്പോള്‍ പടവാളെടുത്ത ഇടതുപക്ഷം എവിടെ ഇപ്പോള്‍. ആര്‍ക്കും മിണ്ടാട്ടമില്ലേ ലോട്ടറി വിഷയത്തില്‍. ലോട്ടറി രാജാവിനുവേണ്ടി ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായതിനു പിന്നാലെ ഇത്തരം ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും ചാനലുകളിലും സജീവമാകുന്നത്.
കേന്ദ്രത്തില്‍ ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും മുമ്പ് പലവിഷയങ്ങളിലും പ്രതികരിച്ച കാര്യങ്ങള്‍ പിന്നീട് അവര്‍ അധികാരത്തിലെത്തി മറ്റൊന്നു പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തരത്തിലാണ് ഇപ്പോള്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വിഷയത്തില്‍ സിപിഐ(എം) നേതാക്കള്‍ ആറുവര്‍ഷം മുമ്പ് നടത്തിയ പ്രസ്താവനകള്‍ ചര്‍ച്ചാവിഷയമാകുന്നത്.
എംകെ ദാമോദരന്‍ മാര്‍ട്ടിനുവേണ്ടി വക്കാലത്തെടുത്തതിനെ ചോദ്യംചെയ്യുന്നവര്‍ ഉന്നയിക്കുന്ന വാദം ഇതാണ്. അന്ന് സാംഗവി മാര്‍ട്ടിനുവേണ്ടി ഹാജരായപ്പോള്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ സിപിഐ(എം) നേതാക്കള്‍ ഇപ്പോള്‍ ദാമോദരന്‍ മാര്‍ട്ടിനുവേണ്ടി എത്തുന്നതിനെ എതിര്‍ക്കുമോ? മുതിര്‍ന്ന നേതാവും പിണറായിയെ തരംകിട്ടുമ്പോഴെല്ലാം എതിര്‍ക്കുന്ന നേതാവുമായ വി എസ് പോലും ദാമോദരനെതിരെ ഒരക്ഷരം പരസ്യമായി പറയാന്‍ തയ്യാറായിട്ടില്ല. മാര്‍ട്ടിനെ ഏറെ പോരാട്ടങ്ങള്‍ നടത്തിയാണ് കേരളത്തില്‍ നിന്ന് പുകച്ച് പുറത്തുചാടിച്ചതെന്ന പ്രയോഗത്തിനപ്പുറം എംകെ ദാമോദന്‍ മാര്‍ട്ടിന്റെ കേസിനെത്തിയതിനെപ്പറ്റി ഒരുവരിപോലും വി എസ് പറഞ്ഞില്ല. മുമ്പ് സിംഗവി വന്നപ്പോള്‍ ഘോരഘോരം പ്രതികരിച്ചവര്‍ക്കാര്‍ക്കും ഇപ്പോള്‍ അനക്കമില്ല.
ആറുവര്‍ഷം മുമ്പ് ലോട്ടറി കേസ് കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്ന കാലത്താണ് കോണ്‍ഗ്രസ് വക്താവായിരുന്ന അഭിഷേക് സിങ്‌വി മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി ഹാജരായത്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ വന്‍ രാഷ്ട്രീയ കോലാഹലമായി. വി എസ് സര്‍ക്കാരും സിപിഎമ്മും ലോട്ടറി മാഫിയക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതായും അവര്‍ക്ക് കേരളത്തില്‍ വളരാന്‍ വളംവച്ചുകൊടുക്കുന്നുവെന്നും ആരോപിച്ച് നിയമസഭയിലുള്‍പ്പെടെ കത്തിക്കയറിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിങ്‌വി മാര്‍ട്ടിനുവേണ്ടി ഹാജരായതോടെ ഉത്തരംമുട്ടി. ക്ഷീണംതീര്‍ക്കാന്‍ അന്ന് രമേശ് ചെന്നിത്തലയും വിഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദംചെലുത്തി. ഇതോടെ സിങ്‌വിയെ മാറ്റി മുഖംരക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസ്..jpg)
അന്ന് കോണ്‍ഗ്രസ് വക്താവ് ലോട്ടറി രാജാവിനുവേണ്ടി ഹാജരായപ്പോള്‍ സിപിഐ(എം) നേതാക്കള്‍ പറഞ്ഞ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിങ്‌വി ഇത്തരമൊരു സംഭവത്തില്‍ ഇടപെട്ടതു ശരിയായില്ലെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ടെന്നുമായിരുന്നു അന്ന് ആഭ്യന്തര മന്ത്രികൂടിയായ സിപിഐ(എം) പിബി അംഗം കോടിയേരിയുടെ പ്രതികരണം. ഒരു പടികൂടി കടന്നായിരുന്നു അന്നും ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ പ്രസ്താവനകള്‍. സിങ്‌വി മാത്രമല്ല, കേന്ദ്ര ധനമന്ത്രി ചിദംബരവും ഭാര്യയും ലോട്ടറിമാഫിയക്കുവേണ്ടി കേസുകള്‍ വാദിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കുറച്ചുകൂടി കടുപ്പിച്ചായിരുന്നു അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ ആരോപണം.
ലോട്ടറി ഇടപാടുകളില്‍ എഐസിസിക്ക് നിലപാടുണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവുതന്നെ മാര്‍ട്ടിനുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി കാര്യത്തില്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിരാഹാരം നടത്തുന്നവര്‍ ഇനിമുതല്‍ എഐസിസി ആസ്ഥാനത്തിനുമുന്നില്‍ നിരാഹാരം നടത്തുന്നതാവും നല്ലതെന്നും പിണറായി അന്ന് കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ പറഞ്ഞതെല്ലാം ഇപ്പോള്‍ പിണറായിയുടെ നിയമോപദേഷ്ടാവുതന്നെ മാര്‍ട്ടിനുവേണ്ടി കോടതിയിലെത്തിയതോടെ സിപിഐ(എം) നേതാക്കള്‍ക്ക്, പ്രത്യേകിച്ച് പിണറായിക്ക് തിരിച്ചടിയായി. ലോട്ടറിക്കെതിരെ കോണ്‍ഗ്രസുകാര്‍ ഇനി എഐസിസി ആസ്ഥാനത്തിനു മുന്നില്‍ സമരം നടത്തട്ടെയെന്നു പറഞ്ഞ പിണറായിയോട് ഇപ്പോഴെന്തു പറയുന്നുവെന്ന ചോദ്യമാണ് എതിരാളികള്‍ ഉയര്‍ത്തുന്നത്. എന്തോ ഭരണത്തില്‍ എല്ലാവര്‍ക്കും മറവിരോഗം ബാധിച്ചോ എ്ന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























