ആ സ്വപ്‌നം പൂവണിയുമ്പോള്‍ ജിഷയുടെ ആത്മാവ് സന്തോഷിക്കും... വീടിന്റെ പേര് ജിഷാ ഭവനം..താക്കോല്‍ദാനം നാളെ

അതിഥികളെ സല്‍ക്കരിക്കാന്‍ ഓടിനടക്കേണ്ടവള്‍ ഇന്ന് വീടിന്റെ പടിവാതില്‍ക്കലെ ഫോട്ടോയില്‍ ഇന്ന് ചിരിക്കുന്നു. തെല്ല് നെടുവീര്‍പ്പോടെയെ ആ വീട് കണ്ടു നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയൂ. ജിഷയുടെ ജീവിതകാലം മുഴുവന്‍ ഉള്ള സ്വപ്‌നമായിരുന്നു സ്വന്തമായി അടച്ചുറപ്പുള്ള ഒരു ഭവനം. പക്ഷേ ഒടുവില്‍ ഭവനം യാഥാര്‍ത്ഥ്യമായപ്പോള്‍ പേരില്‍ മാത്രം ജിഷ..ഒരു പക്ഷേ നാടൊന്നാകെ കുറച്ചുകാലം മുമ്പ് ഒന്നൊരുമിച്ചിരുന്നെങ്കില്‍..
കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ കുടുംബത്തിനു സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും. പുതിയ വീടിന് ജിഷ ഭവനം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജിഷയുടെ മരണം വിവാദമായതോടെയാണ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്. മന്ത്രിസഭാ തീരുമാന പ്രകാരം പണി അതിവേഗം പൂര്‍ത്തിയാക്കി. അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു ജിഷ കഴിഞ്ഞിരുന്നത്. ഇത് തന്നെയാണ് അമീറുള്‍ ഇസ്ലാമിന് ജിഷയെ കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയത്. ജിഷയുടേയും അമ്മയുടേയും സ്വപ്‌നമായിരുന്നു അടച്ചുറപ്പുള്ള വീട്. അതാണ് ജിഷയുടെ മരണത്തിന് ശേഷം യാഥാര്‍ത്ഥ്യമാകുന്നത്.
മുടക്കുഴ പഞ്ചായത്തിലെ തൃക്കൈപാറയിലാണ് ജിഷയുടെ കുടുംബത്തിനായി വീട് ഒരുക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും അടങ്ങുന്ന വീടിന് 650 ചതുരശ്രയടി വലിപ്പമുണ്ട്. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ നിര്‍മ്മിതികേന്ദ്രയാണ് വീടിന്റെ പണി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്. ചുറ്റുമതില്‍ അടക്കം 44 ദിവസംകൊണ്ട് പണി പൂര്‍ത്തിയായി. 11.50 ലക്ഷം രൂപയാണു ചെലവ്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ വീട്.
ഈ സ്ഥലത്ത് ജിഷയും അമ്മയും വീടു പണി ആരംഭിച്ചിരുന്നെങ്കിലും ജിഷ കൊല്ലപ്പെട്ടതോടെ സര്‍ക്കാര്‍ പണിയേറ്റെടുക്കുകയായിരുന്നു. പാതി പണിതുയര്‍ത്തിയിരുന്ന തറ പൊളിച്ചുനീക്കി പുതിയ പ്ലാനിലാണ് വീടുപണി ആരംഭിച്ചത്. വീടിന്റെ തറ ടൈല്‍വിരിച്ചതും പെയിന്റിങ്ങും ഉള്‍പ്പടെ എല്ലാ പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. 'ജിഷ ഭവനം' നാളെ മൂന്നിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജിഷയുടെ അമ്മയ്ക്ക് കൈമാറുക. ജിഷയുടെ അമ്മയുടെ ആഗ്രഹപ്രകാരമാണ് വീടിനു ജിഷ ഭവനം എന്ന പേരിട്ടത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജിഷയ്ക്കു ബ്ലോക്ക് പഞ്ചായത്ത് വഴി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്താണ് വീട്.
ചുറ്റുമതില്‍ നിര്‍മ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ ചിലര്‍ സൗജന്യമായി നല്‍കി. 11.50 ലക്ഷം രൂപയാണ് ഏകദേശ നിര്‍മ്മാണച്ചെലവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനമായിരുന്നു 45 ദിവസത്തിനുള്ളില്‍ ജിഷയുടെ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കി പ്രഖ്യാപനം യാഥാര്‍ഥ്യമാക്കി.ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും ഇപ്പോള്‍ താലൂക്ക് ആശുപത്രിയിലാണ് കഴിയുന്നത്.
താക്കോല്‍ കൈമാറ്റത്തിനു ശേഷം പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്നസെന്റ് എംപി, കലക്ടര്‍ എം.ജി.രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























