ബജറ്റും കാണാക്കളികളും.... മക്കള്‍ക്ക് സ്വത്തെഴുതിക്കൊടുക്കുന്ന അച്ഛനമ്മമാരുടെ കീശകാലിയാകും.. ഭാഗപത്രം, ഒഴിമുറി, ദാനം എന്നിവയ്‌ക്കെല്ലാം ഭൂമിവിലയ്ക്കനുസരിച്ച് ഇനി രജിസ്‌ട്രേഷന്‍ ഫീസ്

ഐസക്കിന്റെ ബജറ്റില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ഒറ്റനോട്ടത്തില്‍ പിടികിട്ടില്ല. പക്ഷേ ചില ക്രൂരമായ തമാശകള്‍ എന്ന പോലെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില അപകടങ്ങള്‍ ബജറ്റിലുണ്ട്. അതാകട്ടെ തികച്ചും കണ്ണില്‍ച്ചോരയില്ലാത്തവിധമാണുതാനും. ആധാരങ്ങളുടെ രജിസ്‌ട്രേഷനില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ പോക്കറ്റുകീറുമെന്നുറപ്പ്. രജിസ്‌ട്രേഷന്‍ രംഗത്തുണ്ടായ പരിഷ്‌കരണത്തില്‍ ജനങ്ങളെ ഏറെ ബാധിക്കുന്നതാണ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുകൈമാറ്റങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി. ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ കാര്യത്തില്‍ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇപ്പോള്‍ തീരെ കുറവാണ്. ആയിരംരൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതിയാണ് പുതിയ ബജറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇത്തരം ഭൂമികൈമാറ്റങ്ങള്‍ക്ക് ഇനി മുദ്രപത്രവിലയിലും രജിസ്‌ട്രേഷന്‍ ഫീസിനത്തിലും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. കേരളത്തില്‍ കുടുംബപരമായുള്ള ഭൂമി കൈമാറ്റമാണ് ഭൂമി വില്‍പനയേക്കാള്‍ കൂടുതല്‍ നടക്കുന്നത് എന്നതിനാല്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് സ്വത്ത് കൈമാറുന്നതും സ്വത്ത് ഭാഗംവയ്ക്കുന്നതും ഇനി ചെലവേറിയതാകും. ഇതുകൊണ്ട് ചെറിയ വിഭാഗത്തിനേ ഗുണമുണ്ടായിട്ടുള്ളൂവെന്നാണ് ധനമന്ത്രി ബജറ്റില്‍ നിരീക്ഷിക്കുന്നത്.
ഇക്കാരണം പറഞ്ഞ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തു ഇടപാടിന് മുദ്രവില മൂന്നുശതമാനമായി വര്‍ദ്ധിപ്പിക്കുകയും മുദ്രവിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഉണ്ടായിരുന്ന പരിധി ഒഴിവാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇനി ഇത്തരം വസ്തുകൈമാറ്റങ്ങള്‍ക്ക് നിലവില്‍ ആയിരംരൂപവരെയേ ചെലവുണ്ടായിരുന്നുള്ളൂ. ഇതാണ് ഇനി ലക്ഷങ്ങളായി ഉയരാന്‍ പോകുന്നത്. സര്‍ക്കാര്‍ വിവിധ പ്രദേശങ്ങള്‍ക്കനുസരിച്ച് നിശ്ചയിച്ചിട്ടുള്ള ഭൂമിവില അനുസരിച്ച് എത്ര ഭൂമിയാണോ കൈമാറുന്നത് അതനുസരിച്ച് മുദ്രപത്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇനി ഇഷ്ടദാനത്തിനും നല്‍കേണ്ടിവരും. വിലയാധാരങ്ങള്‍ക്ക് മുദ്രവില ആറുശതമാനമായിരുന്നത് എട്ടുശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്്. അഞ്ചുസെന്റും പത്തുസെന്റും ഉള്‍പ്പെടെ കൊച്ചു പുരയിടങ്ങളും മറ്റും മക്കള്‍ക്കായി പകുത്തു നല്‍കുന്ന സാധാരണക്കാരെ ഈ പരിഷ്‌കാരം ഏറെ ദോഷകരമായി ബാധിക്കുമെന്നുറപ്പ്.
ന്യായവില നിശ്ചയിച്ചതില്‍ത്തന്നെ പലയിടത്തും ഇപ്പോഴും ആക്ഷേപങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ലെങ്കിലും ന്യായവില കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തില്‍ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തില്‍ നികുതി ഉണ്ട്. ഇതുവരെ വീടുകള്‍ക്ക് ബാധകമാക്കിയിരുന്നില്ലെങ്കിലും വീടുകള്‍ക്കും പുതിയ ബജറ്റില്‍ നികുതി കൊണ്ടുവന്നുവെന്നതും ഭൂമിദാനങ്ങള്‍ക്ക് തിരിച്ചടിയാകും. 1986 മുതല്‍ ഭൂമിവില കുറച്ചുകാണിച്ച് രജിസ്റ്റര്‍ചെയ്ത പത്തുലക്ഷത്തിലധികം കേസുകളുണ്ട് സര്‍ക്കാര്‍ പരിഗണനയില്‍. ഇവ പിരിച്ചെടുക്കാനും നീക്കങ്ങള്‍ ശക്തമാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഇതിനായി ഒരേക്കറില്‍ താഴെയുള്ള ഭൂമി ഉള്‍പ്പെട്ട ആധാരങ്ങള്‍ക്ക് 2010 ഏപ്രില്‍ ഒന്നിനുമുമ്പ് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























