മണിയുടെ മരണത്തില്‍ സത്യം കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് എന്ത്‌കൊണ്ട്? പോലീസ് ആരേയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്?

കലാഭവന്‍ മണിയുടേത് കൊലപാതകമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മണിയുടെ കുടുംബം. പക്ഷെ ഈ കേസില്‍ ഒരു അന്വേഷണവും നടക്കുന്നില്ല. മണിയുടെ മരണത്തില്‍ സത്യം കണ്ടെത്താന്‍ ജിഷാ വധക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് യാതൊരു താല്‍പ്പര്യവുമില്ല. കലാഭവന്‍ മണിയുടെ ദുരൂഹ മരണം ആത്മഹത്യയാകാമെന്ന വാദത്തിലേക്ക് പൊലീസിന്റെ പോക്ക്. സിബിഐയ്ക്ക് വിടാനുള്ള തീരുമാനം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചെങ്കിലും അതും ഒരിടത്തും എത്തിയിട്ടില്ല. ഇത് കലാഭവന്‍ മണിയുടെ കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ആത്മഹത്യക്കാണ് സാധ്യതയെന്ന നിഗമനത്തില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം അവസാനിപ്പിക്കാനും സിബിഐക്ക് വിടാനും ഒരുങ്ങുമ്പോഴാണ് മരണ കാരണം വിഷ മദ്യമാണെന്ന ഹൈദരാബാദിലെ ലാബിലെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് തൃശൂര്‍ റൂറല്‍ എസ്പി ആര്‍. നിശാന്തിനിക്ക് ചുമതല നല്‍കി തുടരന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പുതിയ അന്വേഷണസംഘം ഇതുവരെ ചുമതല ഏറ്റിട്ടില്ല. ഇതുവരെ കേസ് അന്വേഷിച്ച എസ്പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷിക്കുന്ന തിരക്കിലായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ മണിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാക്കി സഹോദരനും മറ്റും രംഗത്ത് വന്നു. ഇതത്തേുടര്‍ന്നാണ് മണിയുടെ സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കാനും തുടരന്വേഷണത്തിനും പൊലീസ് തീരുമാനിച്ചത്. നുണപരിശോധനക്ക് സമ്മതമാണെന്ന് മണിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിക്കുകയും ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിനുള്ള അപേക്ഷ പൊലീസ് നല്‍കുകയും ചെയ്‌തെങ്കിലും പിന്നീട് കാര്യങ്ങള്‍ നിശ്ചലമായി. ഇതിന് പിന്നില്‍ ഉന്നത ഇടപടെല്‍ ഉണ്ടെന്ന ആരോപണവും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ മണിയുടെ കുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ കാര്യങ്ങളെത്തിയിട്ടും പൊലീസ് നിഷ്‌ക്രിയമായി തുടരുന്നു.
ഹൈദരാബാദിലെ ലാബിലെ റിപ്പോര്‍ട്ടില്‍ വിഷ മദ്യത്തിന്റെ സാധ്യത വ്യക്തമായിരുന്നു. ഇതിന് മുമ്പാണ് സിബഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ കൊലപാതക സാധ്യതയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ഒളിച്ചു കളി തുടങ്ങി. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. എന്നാല്‍ ആരും ഒന്നും ചെയ്തില്ല. കീടനാശിനിയാണ് മരണ കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നതോടെയാണ് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍, എങ്ങനെ കീടനാശിനി അകത്തുചെന്നുവെന്ന് അന്വേഷിക്കണമെന്ന ആവശ്യം അന്വേഷണസംഘം അവഗണിക്കുകയായിരുന്നു.
ഇതിനിടെ, മണിയുടെ സഹോദരന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞ ആരോപണങ്ങളോട് മറുപടിയില്ലാതെ സിബിഐക്ക് വിടാനുള്ള നടപടിയിലാണെന്ന ഒറ്റവരി വിശദീകരണം പൊലീസ് നല്‍കിയത് കമീഷന്‍ തള്ളിയിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലേക്കാണ് കലാഭവന്‍ മണിയുടെ മരണത്തിലെ പൊലീസ് അന്വേഷണം. യുഡിഎഫ് മാറി ഇടതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ എല്ലാം ശരിയാകുമെന്ന് മണിയുടെ കുടുംബം കരുതി. എന്നാല്‍ പിണറായി സര്‍ക്കാരും വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് മണിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ പരാതി.
എത്രയും വേഗം കേസ് സിബിഐയ്ക്ക് വിട്ടില്ലെങ്കില്‍ ഇനിയും തെളിവുകള്‍ നശിക്കപ്പെടുമെന്ന് കലാഭവന്‍ മണിയുടെ കുടുംബം കരുതുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം. അതും അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് കുടുംബം നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha






















