കണ്ണൂര്‍ വിഷയത്തില്‍ വാക്‌പോര്:ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസറെന്നു ജയരാജന്‍

ചോരയുണങ്ങാത്ത കണ്ണൂരിനെച്ചൊല്ലി സഭയിലും പുറത്തും കൊമ്പുകോര്‍ക്കലുകള്‍.സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നതു സിപിഐ(എം) നേതാവ് പി ജയരാജനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണു നേതാക്കള്‍ തമ്മില്‍ വാക്പോരുണ്ടായത്. കണ്ണൂരിനെ കുരുതിക്കളമാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നു ചെന്നിത്തല പറഞ്ഞു.
ഇവിടെ ആക്രമണത്തിന് പരസ്യമായി ആഹ്വാനം നല്‍കുന്നത് പി.ജയരാജനാണ്. മുഖ്യമന്ത്രി കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തല കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഹെഡ്കോണ്‍സ്റ്റബിളിനെ മാറ്റുന്ന ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിജിപിയെ മാറ്റിയതെന്നും ചെന്നിത്തല ആരോപിച്ചു.
ഇതിനു മറുപടിയായാണു ജയരാജന്‍ രംഗത്തെത്തിയത്. ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസറാണെന്ന് ജയരാജന്‍ പരിഹസിച്ചു. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത്. പയ്യന്നൂരിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണ്. ആര്‍എസ്എസിന്റെ ആക്രമണമാണ് കൊലപാതകങ്ങള്‍ക്ക് കാരണമായതെന്നും പി. ജയരാജന്‍ കുറ്റപ്പെടുത്തി.
കൊലപാതകത്തെ പിണറായി ഏറ്റെടുത്തെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. പ്രതികളുടെ പേരുകൂടി പിണറായി വെളിപ്പെടുത്തണം. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ശാന്തമായതു പിണറായിയുടെ മനസുമാത്രമെന്നും ബിജെപി കുറ്റപ്പെടുത്തി.
നേരത്തെ, ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കിയിരുന്നു. മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് സാധാരണ നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഡിജിപിയെ മാറ്റിയത്. പൊലീസിനുണ്ടായ ചില വീഴ്ചകളെ ഡിജിപി ന്യായീകരിച്ചിരുന്നു. ഇത്തരം ആളുകളെ തല്‍സ്ഥാനത്ത് വച്ചുകൊണ്ടിരിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. ഇക്കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരില്‍ സമാധാനം പുലരണമെങ്കില്‍ സിപിഎമ്മും ബിജെപിയും ആയുധമുപേക്ഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം.സുധീരന്‍ പറഞ്ഞു. ഇരുപാര്‍ട്ടികളും ഇതിനു മുന്‍കൈയെടുക്കണം. പൊലീസ് ഇരട്ടനയം വെടിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സിപിഐ(എം) അക്രമം ഉപേക്ഷിച്ചാല്‍ മാത്രമേ ക്രമസമാധാന പാലനത്തില്‍ പൊലീസിനു ഇടപെടാന്‍ സാധിക്കുയുള്ളുവെന്നും സുധീരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















