സ്ത്രീകളേയും കുട്ടികളേയും കടത്തിക്കൊണ്ടു വന്ന കേസില്‍ പ്രതികള്‍ക്കെതിരെ തട്ടികൊണ്ടു പോകലിനും കേസെടുക്കും; ചൂഷണത്തിനു ഇരയായ ആറു പെണ്‍കുട്ടികളും ആദിവാസികള്‍

ഇതരസംസ്ഥാനത്തു നിന്നു രേഖകളില്ലാതെ സ്ത്രീകളെയും കുട്ടികളെയുമെത്തിച്ച സംഭവത്തില്‍ റിമാന്‍ഡിലുള്ള ജാര്‍ഖണ്ഡ് സ്വദേശികള്‍ക്കെതിരെ തട്ടികൊണ്ടുപോകലിനും പട്ടികജാതി, വര്‍ഗ അതിക്രമത്തിനും കേസെടുത്തേയ്ക്കും. കഴിഞ്ഞമാസം 30 ന് ഷൊര്‍ണൂര്‍ ആര്‍പിഎഫ് ഇതരസംസ്ഥാനക്കാരായ 39 പേരെ കസ്റ്റഡിയിലെടുത്തത്. ചൂഷണത്തിനു ഇരയായ ഒഡീഷയില്‍ നിന്നുള്ള ആറു പെണ്‍കുട്ടികളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണെന്ന് രക്ഷിതാക്കള്‍ ഹാജരാക്കിയ രേഖകളില്‍ നിന്നു വ്യക്തമായതോടെയാണ് ഈ നീക്കം.
തങ്ങളുടെ സമ്മതമില്ലാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് രക്ഷിതാക്കള്‍ ശിശുക്ഷേമ സമിതി അധികൃതരെ അറിയിച്ചു. ഇതോടെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനു കൂടി കേസെടുക്കാന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് നടപടി തുടങ്ങിയത്. സംഭവത്തില്‍ സംഘത്തിലുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷന്‍മാരും ഏജന്റുമാരിലൊരാളായ സ്ത്രീയും റിമാന്‍ഡിലാണ്.
ഒഡീഷയില്‍ നിന്നുള്ള ആറു പെണ്‍കുട്ടികളുടെയും രക്ഷിതാക്കളാണ് ഇന്നലെ ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരായത്. ഇതില്‍ മൂന്നു പേര്‍ക്കു 18 വയസ് പൂര്‍ത്തിയായതായി രേഖകളില്‍ നിന്നു വ്യക്തമായി. കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ശിശുക്ഷേമ സമിതി അധികൃതരും റെയില്‍വേ പൊലീസും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഒറിയ ഭാഷ അറിയാവുന്ന ദ്വിഭാഷിയെ കണ്ടെത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശിശുക്ഷേമ സമിതി അധികൃതരും അടുത്ത ദിവസം പാലക്കാട്ടെത്തുമെന്ന് അറിയുന്നു. കുട്ടികള്‍ ചൂഷണത്തിനു ഇരയായത് ഒഡീഷയില്‍ വച്ചാണെങ്കില്‍ ഇതുസംബന്ധിച്ച കേസ് ഒഡീഷ പൊലീസിനു കൈമാറും. ജാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളുടെ രക്ഷിതാക്കളെയും വിവരമറിയിച്ചിട്ടുണ്ട്.
മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചശേഷമാകും ഇവരെ അതതു സംസ്ഥാനങ്ങളിലേക്ക് അയക്കുകയെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.ഡോ.ജോസ് പോള്‍ അറിയിച്ചു. മഹിളാ മന്ദിരത്തിലുള്ള സ്ത്രീകളില്‍ കുട്ടികളെയെത്തിച്ച കൂടുതല്‍ ഏജന്റുമാരുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പ്രധാന ഏജന്റ് കേരളത്തില്‍ നിന്നു ജാര്‍ഖണ്ഡിലേക്കു കടന്നതായും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളെസംബന്ധിച്ചവിവരങ്ങള്‍ റയില്‍വേ പൊലീസ് ജാര്‍ഖണ്ഡ് പൊലീസിനു കൈമാറി.
https://www.facebook.com/Malayalivartha






















