കണ്ണൂരില്‍ നിന്നും വീണ്ടും കൊലവിളി: അടുത്ത ജയകൃഷ്ണന്‍ മാസ്റ്ററാകാന്‍ ഒരുങ്ങിയിരുന്നോ? കെ സുരേന്ദ്രനെതിരെ വധഭീഷണി..! കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സൈബര്‍ ലോകത്തു ചര്‍ച്ചയാകുന്നു

പ്രതികാര രാഷ്ട്രീയത്തിന്റെ ചോരക്കളിയില്‍ കണ്ണൂരിന് ഒരിക്കലും മോചനമില്ലേ. പകയുടെ രാഷ്ട്രീയവും കൊലത്തിയും താഴെ വയ്ക്കാന്‍ ഇരു പാര്‍ട്ടികളോടും കേരള സമൂഹം ഒന്നാകെ ആവശ്യപ്പെടുമ്പോള്‍ അതിന് അറുതിയില്ലെന്ന വാര്‍ത്തകളാണ് വീണ്ടും പുറത്തുവരുന്നത്. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം സിപിഐ(എം) പ്രവര്‍ത്തകനെ കൊന്നതിലുള്ള പ്രതികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയുടെ അനുരണനങ്ങള്‍ സൈബര്‍ ലോകത്തും ചര്‍ച്ചയായി.
രണ്ട് കൊലപാതകങ്ങളുടെ പേരില്‍ സൈബര്‍ ലോകത്ത് പരസ്പ്പരം കൊലവിളികളും നടക്കുന്നുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെയും സൈബര്‍ ലോകത്തുകൊലവിളി മുഴങ്ങി. കണ്ണൂരില്‍, മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് രാഷ്ട്രീയപ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെയും ഭീഷണി ഉയര്‍ന്നത്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രനെ ഭീഷണിപ്പെടുത്തുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയത്. കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
ഭീഷണി രൂപത്തിലാണ് ഇത്തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയിലാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. കൊലയാളി സുരേന്ദ്രന്‍ എന്ന് ചിത്രം സഹിതമാണ് ഇത്തരം ഭീഷണി പ്രചരണങ്ങള്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്ന ആള്‍ വിശേഷിപ്പിച്ചാണ് സുരേന്ദ്രനെതിരെ ഭീഷണി മുഴങ്ങുന്നത്. 1999 ഡിസംബര്‍ ഒന്നിനാണ് യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. സിപിഐ(എം) പ്രവര്‍ത്തകരായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയിലിട്ട് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
ഇതേപോലെ ബിജെപിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ കെ സുരേന്ദ്രനെയും കൊല്ലും എന്നാണ് ഭീഷണി. സിപിഐ(എം) സൈബര്‍ പോരാളികള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കെ ടി ജയകൃഷ്ണനെ കൊന്നത് പോലെ സുരേന്ദ്രനെയും ഇല്ലാതാക്കും എന്നാണ് ഭീഷണി. സുരേന്ദ്രാ നീ മറക്കണ്ട. നിനക്കും വരും ഇതുപോലെ ഒരു കാലം. കണ്ണൂര്‍ സഖാക്കളേ കാത്തിരിക്കുന്നു ഞങ്ങള്‍ ഒരു ശുഭവാര്‍ത്തയ്ക്കായി എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. തുടര്‍ന്ന് തെറിവാക്കുകളും ഉള്‍പ്പെടുത്തി.
എന്നാല്‍ ഭീഷണി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ഇത്തരത്തില്‍ തന്നെ േപടിപ്പിക്കാമെന്ന് സിപിഐ(എം) കരുതേണ്ടന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം സിപിഐ(എം) പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലുള്ള വിരോധം മൂലമാണ് കണ്ണൂരില്‍ ബി എംഎസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ന പിണറായി വിജയന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേ ആവര്‍ത്തിച്ചു. ഈ പ്രസ്താവനയില്‍ പിണറായി സത്യം പറഞ്ഞുവെന്ന് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ പോലെ പെരുമാറിയെന്ന് ആരോപിച്ചും നിരവധിപേര്‍ രംഗത്തെത്തി.
അതേസമയം ശാന്തമായ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ആക്രമണം അഴിച്ചുവിട്ടതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സിപിഐ(എം) അനുഭാവികള്‍ പറയുന്നു. എന്നാല്‍, കൊലപാതക രാഷ്ട്രീയത്തെ രാഷ്ട്രീയം നോക്കാതെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലെ സിപിഐ(എം) പ്രവര്‍ത്തകരും അക്രമ രാഷ്ട്രീയം ഇരു പാര്‍ട്ടികളും അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തുവന്നു.
https://www.facebook.com/Malayalivartha






















