തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഇനി ഡീസല്‍ ഓട്ടോകളുണ്ടായേക്കില്ല; മലനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

ഡീസല്‍ ഓട്ടോകളെ പടിയടച്ച് പിണ്ഡം വച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു ഇനി പെര്‍മിറ്റ് നല്‍കില്ല. ഇതിനുള്ള ശുപാര്‍ശ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കി. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍.പി.ജി, സി.എന്‍.ജി. ഇന്ധനത്തിലേക്കു മാറ്റുന്നതിനാണ് ശുപാര്‍ശ. ഡീസല്‍ ഓട്ടോകള്‍ക്കു വിവിധതരത്തിലുള്ള മലിനീകരണം കൂടുതലായതിനാലാണിതെന്നും ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. നിലവിലുള്ള ഡീസല്‍ ഓട്ടോകള്‍ ഓടാനാകും. എന്നാല്‍ പുതുതായി ഒന്നും അനുവദിക്കരുതെന്നാണ് ശുപാര്‍ശ. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചന.
കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കും. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റ് 21 വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ ഈ നഗരങ്ങളില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നു ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കി. നഗരപരിധിക്കു പുറത്തുനിന്നു വന്ന് സര്‍വീസ് നടത്തുന്ന ഇത്തരം ഓട്ടോറിക്ഷകള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. നഗരങ്ങളില്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രത്യേക നിറവും നമ്പറും നല്‍കുന്നതിലൂടെ അനധികൃത ഓട്ടോറിക്ഷകളെ ഒഴിവാക്കാന്‍ കഴിയും. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ പരിപാടി വിജയം കണ്ട സാഹചര്യത്തിലാണ് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നു ശിപാര്‍ശ ചെയ്തതെന്നും കമ്മിഷണര്‍ അറിയിച്ചു
അനധികൃത ഓട്ടോകള്‍ കാരണം തങ്ങള്‍ക്ക് ഓട്ടം കുറയുന്ന സ്ഥിതിയാണുള്ളതെന്ന് നഗരപ്രദേശങ്ങളിലുള്ളവര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യം തിരുവനന്തപുരത്ത് ഗുരുതരമായ അനുഭവപ്പെട്ടപ്പോഴാണ് പെര്‍മിറ്റ് നിജപ്പെടുത്തുകയും പ്രത്യേക നിറവും നമ്പറും ഏര്‍പ്പെടുത്തുകയും ചെയ്തത്.
ഇതോടെ പുറമേ നിന്നുള്ള ഓട്ടോറിക്ഷകളുടെ തള്ളിക്കയറ്റം നിലച്ചു. നഗരത്തിലെ ഓട്ടോറിക്ഷക്കാര്‍ക്ക് വരുമാനം വര്‍ധിക്കുകയും ചെയ്തു. ഇതേപ്രശ്നം കൊച്ചിയിലും കോഴിക്കോട്ടുമുണ്ട്. പലപ്പോഴും ക്രിമിനല്‍ സംഘാംഗങ്ങളും മറ്റുമാണ് ഇത്തരം ഓട്ടോറിക്ഷകള്‍ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ക്രമീകരണത്തിന് ശുപാര്‍ശ.
https://www.facebook.com/Malayalivartha






















