ആരെന്തുപറഞ്ഞാലും ഒരു മാറ്റവുമില്ല: ഏതു കേസ് ഏറ്റെടുക്കണമെന്നു എം കെ ദാമോദരനു തീരുമാനിക്കാം; പ്രതിഷേധങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി

പ്രതിഷേധങ്ങള്‍ക്കെല്ലാം പുല്ലുവില.മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ മറ്റു കേസുകള്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എം.കെ ദാമോദരനു മറ്റു കേസുകള്‍ ഏറ്റെടുക്കുന്നതില്‍ തടസ്സമൊന്നുമില്ല. നിയമോപദേഷ്ടാവ് എന്ന നിലയില്‍ സര്‍ക്കാര്‍ പ്രതിഫലം പറ്റാതെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഏതു കേസ് ഏറ്റെടുക്കണമെന്നു അദ്ദേഹത്തിനു തീരുമാനിക്കാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പദവിയില്‍ സര്‍ക്കാര്‍ നിയമിച്ച മഞ്ചേരി ശ്രീധരന്‍നായര്‍ക്കെതിരെയും കടുത്ത പ്രതിഷേധമാണ് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയത്. അഞ്ചുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മഞ്ചേരി ശ്രീധരന്‍ നായര്‍. അതുകൊണ്ട് ഡിജിപി സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ മാറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒരു കേസിലും പ്രതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍ നായര്‍ വ്യക്തിപരമായി തട്ടിപ്പ് നടത്തിയെന്ന് പറയാനാകില്ല. കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് വായ്പ എടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് തിരിച്ചടക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ല. അതുവരെ അദ്ദേഹത്തെ പ്രതിയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലോട്ടറി, കശുവണ്ടി മാഫിയകള്‍ക്ക് പിന്നാലെ ക്വാറി ഉടമകള്‍ക്ക് വേണ്ടിയും അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തു. ക്വാറി ഉടമകള്‍ക്കുള്ള പരിസ്ഥിതി അനുമതി വേണമെന്ന വ്യവസ്ഥ റദ്ദു ചെയ്യണമെന്ന ക്വാറി ഉടമകളുടെ ഹര്‍ജിയിലാണ് അദ്ദേഹം കോടതിയില്‍ ഹാജരാകുക. നേരത്തെ മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരായ 23 കേസുകള്‍ സിബിഐ എഴുതിത്ത്തള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ തുടര്‍ച്ചയായി ഹാജരായതു വിവാദമായിരുന്നു.
എല്‍ഡിഎഫ് അധികരത്തിലെത്തിയപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് എം.കെ.ദാമോദരനെയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സ്ഥാനമേല്‍ക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പുതിയ പദവി എല്‍ഡിഎഫ് അദ്ദേഹത്തിനു നല്‍കിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറല്‍ പദവിക്ക് സമാന്തരമായി മുഖ്യമന്ത്രിക്ക് മാത്രമായി നിയമോപദേശകന്‍ നിയമിതനായത്.
https://www.facebook.com/Malayalivartha






















