വി എസ് പറഞ്ഞത് സംഭവിക്കുമോ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി; കേസില്‍ ആകെ അഞ്ചു പ്രതികള്‍; പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി കുറ്റം

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ കഴിഞ്ഞയാഴ്ച വിജിലന്‍സ് കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ക്വിക്ക് വെരിഫിക്കേഷനില്‍ തെളിവു കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി പൂജപ്പുര ജയിലില്‍ വെള്ളനിക്കറിട്ട് കിടക്കുമെന്നായി വിഎസ് പറഞ്ഞത്. എന്നാല്‍ വി എസ് പക പോക്കുകയായിരുന്നെന്ന നിലപാടാണ് ഇപ്പോഴും വെള്ളാപ്പള്ളിക്ക്. മുഖ്യമന്ത്രിയായി പിണറായി എത്തിയതു മുതല്‍ വെള്ളാപ്പള്ളി അടവുമാറ്റി പിണറായിയെ പിന്തുണക്കുകയാണുണ്ടായത്. എന്നാല്‍ കേസില്‍ നിര്‍ണായ തീരുമാനം മുഖ്യന്റെ ആയതിനാല്‍ അതെങ്ങനെയാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിപിഎം നേതാവായ വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വെള്ളപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മൈക്രോഫിനാന്‍സിലെ വിവിധ സംഘങ്ങള്‍ക്ക് വിതരണം ചെയ്യാനായി പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നുമെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നെന്നാണ് വിഎസ് പരാതി നല്‍കിയിരുന്നത്.
അഞ്ച് ശതമാനം പലിശയ്ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം വരെ പലിശയിലാണ് വിതരണം ചെയ്തതെന്നും കോടതി കണ്ടെത്തിയിരുന്നു. 2003 മുതല്‍ 2015 വരെയുള്ള കാലയളവിലെ ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് കോടതി ഉത്തരവ്.
എന്നാല്‍ വെള്ളാപ്പള്ളിക്ക് പറയാനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ പറയുകയാണ് വേണ്ടതെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി.നിവേദനം ലഭിച്ചാലും അത് വിജിലന്‍സിന് കൈമാറുക എന്നതല്ലാതെ വെള്ളാപ്പള്ളിക്ക് അനുകൂലമായി ഏതെങ്കിലും തരത്തില്‍ നിലപാടെടുക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ വിപുലമായി കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് ചെറുക്കാനായിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ തീരുമാനം.
എന്നാല്‍ പ്രകോപനത്തിന് വശംവദനാവുന്നവനല്ല പിണറായി എന്നതും കടുത്ത നിലപാട് സ്വീകരിച്ചാല്‍ മൈക്രോഫിനാന്‍സ് കേസില്‍ മാത്രമല്ല ശാശ്വതീകാനന്ദ സ്വാമിയുടെ അസ്വാഭാവിക മരണമുള്‍പ്പെടെയുള്ള കേസുകളില്‍ വെള്ളാപ്പള്ളിയുടെ നില പരുങ്ങലിലാവുമെന്ന യാഥാര്‍ത്ഥ്യവും മനസിലായതോടെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടതില്ലെന്ന നിലപാടില്‍ എസ്എന്‍ഡിപി നേതൃയോഗമെത്തിയത്.
യോഗനേതൃത്വത്തിന്റെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.പകലിനെ പകലായും രാത്രിയെ രാത്രിയായും വേര്‍തിരിച്ച് കാണാന്‍ കഴിവുള്ള നേതാവാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ് പിണറായിയെ 'സുഖിപ്പിക്കാനും' വെള്ളാപ്പള്ളി മറന്നില്ല.അതേസമയം വെള്ളാപ്പള്ളിയുടെ ഈ 'തട്ടിപ്പ് സ്നേഹ പ്രകടനം' കയ്യില്‍ വച്ചാല്‍ മതിയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.നിയമം നിയമത്തിന്റെ വഴിക്കാണ് പോവുകയെന്നും ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്ത് പ്രതിഷ്ഠിച്ചത് തന്നെ നീതിയുക്തമായ നടപടി വിജിലന്‍സിന് സ്വീകരിക്കുന്നതിന് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാട്.
https://www.facebook.com/Malayalivartha






















