അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കു ശനിയാഴ്ചകളില്‍ ക്ലാസ് പാടില്ലെന്നു നിര്‍ദേശം

സംസ്ഥാനത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ അഞ്ചു വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്കു ശനിയാഴ്ചകളില്‍ ക്ലാസ് നടത്തരുതെന്നു നിര്‍ദേശം. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിബിഎസ്ഇ റീജണല്‍ ഓഫീസര്‍ ഇക്കാര്യത്തില്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
വിദ്യാഭ്യാസാവകാശനിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 200 പ്രവൃത്തിദിവസവും ആറുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 220 പ്രവൃത്തിദിവസവുമാണ് ഉണ്ടാകേണ്ടത്. ഇതനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളും സര്‍ക്കാര്‍ സ്‌കൂളുകളും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ച ക്ലാസ് ഒഴിവാക്കി പ്രവൃത്തിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് അവഗണിക്കാനാവില്ലെന്നു കമ്മീഷന്‍ നിരീക്ഷിച്ചു.
ഓഗസ്റ്റ് 30നകം ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















