വാസ്തുശില്‍പി സിഡ്‌നി കോറി അന്തരിച്ചു

പ്രമുഖ വാസ്തുശില്‍പിയും സംസ്ഥാന വനംമേധാവി ഡോ. ബ്രാന്‍സ്ഡന്‍ കോറിയുടെ പിതാവുമായ തോപ്പുംപടി ലില്ലി ഗാര്‍ഡന്‍സില്‍ സിഡ്‌നി കോറി (93) അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധ പോരാളിയായിരുന്നു. സംസ്‌കാരം ഇന്നു മൂന്നിനു തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍.
ആധുനിക ഷില്ലോങ് നഗരത്തിന്റെ ശില്‍പിയായ സിഡ്‌നി കോറി മേഘാലയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഒട്ടേറെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും ആശുപത്രി, കോളജ് കെട്ടിടങ്ങള്‍ക്കും രൂപം നല്‍കി. മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസില്‍ ആര്‍ക്കിടെക്ടായിരിക്കെ ബ്രിട്ടീഷ് ബര്‍മയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു.
ബ്രിട്ടീഷ് സര്‍ക്കാര്‍ 'ബര്‍മ സ്റ്റാര്‍' ബഹുമതി നല്‍കി. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡില്‍ ഡപ്യൂട്ടേഷനിലായിരിക്കെ കോലാര്‍ യുഎസ്-ജപ്പാന്‍ സ്വര്‍ണഖനി പദ്ധതിയില്‍ പ്രവര്‍ത്തിച്ചു. വൈറ്റ്ഫീല്‍ഡിലെ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിനു രൂപകല്‍പന നടത്തി. മദര്‍ തെരേസയുടെ ആര്‍ക്കിടെക്ചര്‍ കണ്‍സല്‍റ്റന്റായിരുന്നു. ഇന്‍ഡോ- ജര്‍മന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍, ഷില്ലോങ് ലയണ്‍സ് ക്ലബ്, ഷില്ലോങ്ങിലെ വൊളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ പ്രസിഡന്റായിരുന്നു.
ഡൊറോത്തി കോറിയാണു ഭാര്യ. മറ്റു മക്കള്‍: ബ്രയാന്‍ കോറി (ചെന്നൈ), ബ്രൂസ് കോറി (അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് ഫോര്‍ യൂണിവേഴ്‌സിറ്റി റിലേഷന്‍സ്, കോണ്‍കോര്‍ഡിയ സര്‍വകലാശാല, യുഎസ്), ബെനഡിക്ട് കോറി (ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, സൗത്ത് കാരലിന, യുഎസ്), ബെറ്റി. മരുമക്കള്‍: ഡയമണ്ട്, ശശി, എമ്മ, ഡെയ്ഡ്രീ, റിച്ചാര്‍ഡ് ഡിസൂസ (ഗോവ മുന്‍ വനംമേധാവി).
https://www.facebook.com/Malayalivartha






















