പിണറായി സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട് വി എസിന്റെ കത്ത്, പിണറായി ഭൂമാഫിയകള്‍ക്കു അടിമയാകുന്നു എന്നു വി എം സുധീരന്‍

ഹാരിസണ്‍ കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ റവന്യൂ പ്ലീഡര്‍ സ്ഥാനത്തു നിന്നും സുശീല ഭട്ടിനെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തുനിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി എസ് സര്‍ക്കാരിന് കത്തു നല്‍കി. പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുന്ന സാഹചര്യങ്ങളില്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെ മാറ്റുന്ന പതിവുണ്ടെങ്കിലും സര്‍ക്കാരിന്റെ പെട്ടന്നുള്ള നടപടി കേസുകളെ പ്രതികൂലമായി ബാധിക്കുമെന്നു സുശീല ഭട്ട് ആരോപിച്ചതിനു പിന്നാലെയാണ് സ്ഥാനമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് കത്തു നല്‍കിയത്.
സുശീല ഭട്ടിനെ ഗവ.പ്ലീഡര്‍ സ്ഥാനത്ത് ആദ്യം നിയമിക്കുന്നതു 2004ലാണ്. 2006ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പരിസ്ഥിതി കേസുകളുടെ നടത്തിപ്പിനായി ഒരു വര്‍ഷം കൂടി നല്‍കുകയായിരുന്നു. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ റവന്യു സ്പെഷല്‍ ജിപിയായി സുശീല ഭട്ടിനെ നിയമിച്ചത്. എന്നാല്‍ കരുണ എസ്റ്റേറ്റ് കേസില്‍ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായ അഭിപ്രായവ്യത്യാസമാണു സ്ഥാനനഷ്ടത്തിനു കാരണമായി സുശീല പറയുന്നത്.
ഭൂമാഫിയക്കെതിരെ പോരാട്ടം നടത്തുന്ന തന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ശ്രമങ്ങള്‍ നടന്നിരുന്നതായി സുശീല ഭട്ട് വെളിപ്പെടുത്തിയിരുന്നു. സ്ഥാനമാറ്റത്തിന് പിന്നില്‍ തന്നെ ഭയക്കുന്ന ഭൂമാഫിയയാണെന്നും സ്ഥാനമാറ്റത്തില്‍ ആശങ്കയുണ്ടെന്നും സുശീല ഭട്ട് ആരോപിച്ചിരുന്നു.
വിവിധ ജില്ലകളിലായി 40,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട ഹാരിസണ്‍ കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് പ്ലീഡര്‍ സ്ഥാനത്തു നിന്നും സുശീല ഭട്ടിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ടാറ്റയുടെ കൈവശമുള്ള എസ്റ്റേറ്റുകളിലെ ബംഗ്ലാവുകള്‍ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുന്നതു സംബന്ധിച്ച കേസും പരിഗണനയിലുള്ളതാണ്.
അതേ സമയം സ്ഥാമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസിലെ സുധീരന്‍ വിഭാഗം സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഹാരിസണ്‍, ടാറ്റ തുടങ്ങിയ കുത്തക കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്പെഷല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയതെന്ന് കെപിസിസി അധ്യക്ഷന്‍ വി എം.സുധീരന്‍ വ്യക്തമാക്കി. ഹാരിസണ്‍, ടാറ്റ കമ്പനികളുമായിട്ടുള്ള സര്‍ക്കാരിന്റെ കേസ് നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ ഫലപ്രദവും വിജയകരവുമായി സര്‍ക്കാരിനു വേണ്ടി കേസ് നടത്തിയ സുശീലാ ഭട്ടിനെ മാറ്റിയത് കേസ് മനഃപൂര്‍വം തോറ്റുകൊടുക്കുന്നതിന് വേണ്ടിയാണ്. നഗ്നമായി കമ്പനികളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ജനങ്ങളുടെ താത്പര്യങ്ങള്‍ ബലികഴിച്ചുള്ളതാണെന്നും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള തീരുമാനം പിന്‍വലിച്ച് ഉത്തരവ് റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















