പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ആട് ആന്റണി കുറ്റവാളിയാണെന്ന് കോടതി , ശിക്ഷാവിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും

പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയെന്നറിയപ്പെടുന്ന വര്‍ഗീസ് ആന്റണി കുറ്റക്കാരനാണെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ജോര്‍ജ് മാത്യുവാണ് ആന്റണി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 2012 ജൂണില്‍ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ള കൊല്ലപ്പെട്ട കേസിലാണ് വിധി പ്രഖ്യാപിച്ചത്.
കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കല്‍,വ്യാജ രേഖ സമര്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് പ്രതി കുറ്റവാളിയാണെന്ന് തെളിഞ്ഞത്. പ്രോസിക്യൂഷന്‍ നിരത്തിയ എല്ലാ കേസുകളും തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 30 സാക്ഷികളെയും 78 രേഖകളും ഹാജരാക്കിയ പ്രോസിക്യൂഷന്‍ ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് വാദിച്ചു.
കഴിഞ്ഞ മാസം 14 നു തുടങ്ങിയ വിചാരണ ഈ മാസം എട്ടാം തീയതിയോടെയാണ് പൂര്‍ത്തിയായത്. വിധിപ്രഖ്യാപനം ഈ മാസം 15 നു നിശ്ചയിച്ചിരുന്നത് കോടതി ഇന്നത്തേക്ക് നീട്ടി വെക്കുകയായിരുന്നു. എന്നാല്‍ ആട് ആന്റണി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി കേസില്‍ ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.
പുലര്‍ച്ചെ ഒരുമണിക്ക് കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പിടിയിലായപ്പോഴാണ് ആന്റണി പോലീസ് ഡ്രൈവറെ കുത്തികൊന്നതിനു ശേഷം ഒളിവില്‍ പോയത്. വാനില്‍ നിറയെ മാരകായുധങ്ങളുമായിവന്ന ആന്റണിയെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ എ.എസ്.ഐ. ജോയി, ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവരെ കുത്തിയതിനു ശേഷം ആന്റണി ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണകേസുകളടക്കം ഇരുന്നൂറോളം കേസുകളില്‍ പ്രതിയായ ആന്റണി ഒളിവില്‍ പോയ സമയത്ത് മറ്റു സംസ്ഥാനങ്ങളിലും നിരവധി മോഷണം നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം നാട് വിട്ട ആന്റണിയെ മൂന്നരവര്‍ഷങ്ങള്‍ക്കു ശേഷം പാലക്കാട് ഗോപാലപുരത്തു നിന്നാണ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha






















