ഞാന്‍ കള്ളനായത് ഇങ്ങനെ...ആട് ആന്റണി തന്റെ ജീവിതസാഹചര്യങ്ങള്‍ പോലീസിനോട് കുമ്പസരിക്കുന്നു

കുണ്ടറ പടപ്പക്കര സ്വദേശി ആട് ആന്റണി എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ ജീവിതത്തിനും നാടകീയതകളേറെ. ആരും കുറ്റവാളിയായി ജനിക്കില്ലെന്നും ജീവിതസാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളിയാക്കുന്നതുമെന്ന നിരീക്ഷണത്തിന് ഉദാഹരണമാണ് ആന്റണി. മണിയന്‍ പിള്ള വധക്കേസില്‍ പാലക്കാട്ടു നിന്ന് അറസ്റ്റിലായ ആന്റണി പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ കുറ്റസമ്മത മൊഴിയില്‍ താന്‍ എങ്ങനെയാണു മോഷ്ടാവായതെന്നു വിശദമാക്കുന്നുണ്ട്.... ആ മൊഴിയിലൂടെ....
'' ആറാം ക്ലാസ് വരെയാണ് എന്റെ പഠനം. എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ പിതാവു മരിച്ചു. പിന്നെ അമ്മയുടെ സംരക്ഷണയിലായിരുന്നു. പിന്നീട് അമ്മയും മരിച്ചു. അന്ന് ഞാന്‍ വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ്. കുട്ടിക്കാലം മുതലേ മോഷണം നടത്തിയിരുന്നു. ഒരു ദിവസം കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ എന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലത്തെ ദുര്‍ഗുണ പരിഹാര പഠനശാലയിലാക്കി. അവിടെ നിന്നിറങ്ങിയതോടെ മോഷണം കൂടുതല്‍ ശക്തമായി....''
''കുടുംബവീട്ടില്‍ പോയിട്ടും ബന്ധുക്കളെ കണ്ടിട്ടും 20 കൊല്ലമായി. കള്ളനായതു കൊണ്ടു വീട്ടുകാരൊന്നും അടുപ്പിക്കാറില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു നന്നാകട്ടെയെന്നു കരുതി എന്നെ സഹോദരന്‍ വിദേശത്തു കൊണ്ടുപോയി. അവിടെ അദ്ദേഹത്തോടൊപ്പം താമസിച്ചെങ്കിലും മൂന്നും മാസം കഴിഞ്ഞു തിരിച്ചെത്തി. പിന്നെ ഗള്‍ഫിലേക്കു മടങ്ങിയില്ല''. (ആന്റണി വിദേശത്തും തരികിട കാണിച്ചതായി ബന്ധുക്കള്‍ പറയുന്നു). കുറച്ചുനാള്‍ ചെന്നൈയില്‍ നിമിഷ കേബിള്‍ ടിവി എന്ന പേരില്‍ സ്ഥാപനം നടത്തി. എങ്കിലും മോഷണം തന്നെയായിരുന്നു പ്രലോഭനം.''മോഷണം നടത്താനും ഒളിവില്‍ കഴിയാനും പല പേരുകളും ഞാന്‍ സ്വീകരിക്കും.

ഉള്ളൂര്‍ പ്രശാന്ത് നഗറിലും ചെന്നൈ മാധവപുരത്തും രാജേഷ് എന്ന പേരിലാണു താമസിച്ചത്. മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ ശേഷം മുംബൈയ്ക്കടുത്തുള്ള ഷിര്‍ദ്ദിയില്‍ താമസമാക്കിയപ്പോള്‍ വെങ്കിടേശ്വന്‍ മകന്‍ ശ്രീനിവാസന്‍ എന്നായിരുന്നു പേര്. എനിക്കൊപ്പമുണ്ടായിരുന്ന സൂസിയുടെ പേര് സുശീല എന്നാക്കി. ആരും തിരിച്ചറിയാതിരിക്കാന്‍ താടിയും മുടിയും വളര്‍ത്തി. സൂസിയുടെ മുടി ബോബ് ചെയ്തു. സൂസിയുമായ പിണങ്ങി തമിഴ്‌നാട്ടിലെ തിരുപ്പൂരും ധാരാപുരത്തും താമസമാക്കിയപ്പോള്‍ സെല്‍വരാജ് എന്നായിരുന്നു പേര്.
https://www.facebook.com/Malayalivartha























