ഹോട്ടലുടമകള്‍ നല്‍കിയ പരാതിയില്‍ കെ ബാബുവിനെതിരെ വിജിലന്‍സ് കേസിനു ശുപാര്‍ശ; കുഞ്ഞൂഞ്ഞിനായി എല്ലാം ചെയ്ത ബാബുവിന് കേസുകള്‍കൊണ്ട് ഇരിക്കപ്പൊറുതിയില്ല

കഷ്ടകാലം വരുമ്പോള്‍ ആരും കൂടെ കാണില്ല എന്ന ചൊല്ല് ഏറ്റവും കൂടുതല്‍ ചേരുക മുന്‍ മന്ത്രി കെ ബാബുവിനാണ്. മുഖ്യനും സംഘത്തിനും വേണ്ടി എല്ലാ തിരിമറിയും ചെയ്ത ബാബുവിന് ഇപ്പോള്‍ കേസുകളുടെ ചാകര. മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കേസ് എടുക്കും. ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടു കണ്ടെത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി.
ഹോട്ടലുടമകളുടെ പരാതിയിലാണു ബാബുവിനെതിരെ കേസ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ബാബുവിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ മുന്‍ എക്‌സൈസ് മന്ത്രി ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷനാണു ബാബുവിനെതിരെ പരാതി നല്‍കിയത്. കെ. ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴവന്‍ നടപടികളും പരിശോധിക്കണമെന്നായിരുന്നു കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രയില്‍സ് അസോസിയേഷനായി പ്രസിഡന്റായ വി എം രാധാകൃഷ്ണന്‍ നല്‍കിയ പരാതി.
ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ കെ.ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ബാബുവിനെതിരെ പുതിയ കേസുമായി വിജിലന്‍സ് എത്തുന്നത്. മദ്യ നയം തീരുമാനിച്ചതിലും ബാര്‍ ലൈസന്‍സ് നല്‍കിയതിലും മന്ത്രി ബാബു ക്രമക്കേട് കാണിച്ചുവെന്നു പരാതിയില്‍ ആരോപിക്കുന്നു. കെ. ബാബുവിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേല്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയാണ് ഇപ്പോള്‍ കേസെടുക്കാന്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.
ഇന്നുതന്നെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണു സൂചന. ഇതെക്കുറിച്ചു പഠിച്ചിട്ടു പ്രതികരിക്കാമെന്നു കെ ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha























