അജു വധക്കേസ് : ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം

യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ സ്വദേശിയായ അജുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പ്രതികള്‍ക്ക് സെഷന്‍സ് കോടതി തടവു ശിക്ഷ വിധിച്ചത്..
ആലപ്പുഴ കാളാത്ത് സ്വദേശികളായ ഷിജി ജോസഫ്, ആന്റണി, വിജേഷ്, സൈമണ്‍ വി ജാക്ക്, നിഷാദ്, തോമസുകുട്ടി, സിനു വര്‍ഗീസ് എന്നിവര്‍ക്കാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയ്ക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി.
2008 നവംബര്‍ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായിരുന്ന ഷിജിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളുടെ ജോലിക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് അജുവിനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
അജുവിനൊപ്പമുണ്ടായിരുന്ന അഭിലാഷിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷിയായ അഭിലാഷിന്റെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 22 പേരെയും പ്രതിഭാഗത്തു നിന്ന് 2 സാക്ഷികളെയും വിസ്തരിച്ചിരുന്നു. ആലപ്പുഴ ഐ.സി.ഐ.സി ബാങ്കിന്റെ അസിസ്റ്റന്റ് മാനേജരും എ.ഐ.വൈ.എഫിന്റെ പ്രാദേശിക നേതാവുമായിരുന്നു മരിച്ച അജു.
https://www.facebook.com/Malayalivartha