കെ.എം. മാണിയും കൂട്ടരും യു.ഡി.എഫ് വിടുന്നു; പാര്‍ലമെന്റില്‍ യു.പി.എ.യുമായുള്ള ബന്ധവും വിച്ഛേദിക്കും

വീണിടത്തു കിടന്നുരുളുന്ന, ഉരുണ്ടിടത്തുനിന്ന് പിടഞ്ഞെഴുന്നേല്‍ക്കുന്ന പൂഴിക്കടകന്‍ രാഷ്ട്രീയ തന്ത്രങ്ങളാണ് കെ.എം. മാണിയുടേത്. 50 വര്‍ഷത്തിലേറെ കേരള രാഷ്ട്രീയത്തിലെ അടിതടകളില്‍ അടിതെറ്റാതെനിന്ന മാണിയെ ബാര്‍കോഴയുടെ കുരുക്കെറിഞ്ഞ് കുരുക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞെങ്കിലും, കാത്തിരുന്നു സമര്‍ത്ഥമായി എതിരാളികളെ നേരിടുന്ന രാഷ്ട്രീയ മെയ്‌വഴക്കം മാണിക്കു സ്വന്തം.
ചരല്‍കുന്നില്‍ ചരിത്രം വഴിമാറുന്ന ചില തിരുത്തലുകളുമായി കെ.എം. മാണിയും കൂട്ടരും യു.ഡി.എഫ് വിടുന്നു.
മുന്നണി വിട്ട് നിയമസഭയില്‍ സ്വതന്ത്രബ്ലോക്ക് ആയി ഇരിക്കാനുള്ള തീരുമാനം നാളെ ഔദേ്യാഗികമായി പാര്‍ട്ടി പ്രഖ്യാപിക്കും. പാര്‍ലമെന്റില്‍ യു.പി.എ.യുമായുള്ള ബന്ധവും വിച്ഛേദിക്കും. അടിത്തറ ശക്തമാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുക എന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാട്.
മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെ മകനും ബാറുടമ ബിജുരമേശിന്റെ മകളുമായുള്ള വിവാഹ നിശ്ചയചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും പങ്കെടുത്തത് കെ.എം. മാണിയെ ചൊടിപ്പിച്ചു. ഇതിനെതിരെ പരസ്യനിലപാടെടുത്ത കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ നിസാരവല്‍ക്കരിച്ച കോണ്‍ഗ്രസ്, ഈ പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസിനെ ആക്ഷേപിക്കാനും ശ്രമിച്ചു. എന്നാല്‍ പിന്നീട് യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിച്ചപ്പോള്‍ ഗൗരവമായെടുത്ത അനുരജ്ഞന ശ്രമങ്ങള്‍ വിജയിച്ചില്ല. കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും മാനസികമായി ഏറെ അകന്നു കഴിഞ്ഞിരുന്നു.
കേരളാ കോണ്‍ഗ്രസും കെ.എം. മാണിയും എന്‍.ഡി.എ. യില്‍ ചേക്കേറുമോ എന്നു ഭയന്ന എല്‍.ഡി.എഫ്, ദേശാഭിമാനി, കൈരളി മാധ്യമങ്ങള്‍ ഉപയോഗിച്ച് കെ.എം. മാണിയെ കടന്നാക്രമിച്ചു. ഒടുവില്‍ പാര്‍ട്ടിസെക്രട്ടറിയുടെ പത്രവാര്‍ത്തയില്‍പോലും ആ പേടിയുണ്ടായിരുന്നു.
മധ്യതിരുവിതാംകൂറില്‍ വോരോട്ടമുള്ള പാര്‍ട്ടി ഗ്രൂപ്പ് സമവായങ്ങളില്‍ ഏറെ നിര്‍ണ്ണായകാമണ്. വളരെ കരുതലോടെ മാത്രം രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന കെ.എം. മാണി ലക്ഷ്യമിടുന്നത് അനേകം ചെറുപാര്‍ട്ടികളെ കോര്‍ത്തിണക്കി കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുവാനാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി കോണ്‍ഗ്രസിനോടുള്ള അതൃപ്തിയില്‍ നിര്‍വീര്യമായിക്കഴിഞ്ഞിരുന്ന പാര്‍ട്ടി അണികളും ഇപ്പോള്‍ ആവേശത്തിലാണ്.
വളരെ കരുതലോടെയാണ് എല്‍.ഡി.എഫും ഇത്തരം നീക്കങ്ങളെ നോക്കിക്കാണുന്നത്. കേരളകോണ്‍ഗ്രസ് ബന്ധം വളരെക്കാലമായി എല്‍.ഡി.എഫ് ശ്രമിച്ചിരുന്നതാണെങ്കിലും എപ്പോള്‍ നിയമസഭയിലെ ഉജ്ജ്വല ഭൂരിപക്ഷത്തിന്റെ വെളിച്ചത്തില്‍ ഇത്തരം സഖ്യനീക്കങ്ങള്‍ക്കു തിടുക്കപ്പെടേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം.
പ്രതേ്യക ബ്ലോക്കായി മാറാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം യു.ഡി.എഫിനെ കൂടുതല്‍ ശിഥിലമാക്കും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്കും വ്യക്തിപരമായി വലിയ പരാജയമാണ് കേരളാ കോണ്‍ഗ്രസിന്റെ ഈ നീക്കം. യു.ഡി.എഫിനെ കോര്‍ത്തിണക്കി മുന്നോട്ട് നയിക്കാന്‍ ചെന്നിത്തലയ്ക്കാകില്ല എന്നാണ് കേരളത്തില്‍ പൊതുവേയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍.
ഇത്തരം പകരം വീട്ടലുകള്‍ രാഷ്ട്രീയത്തില്‍ പതിവുള്ളതാണെങ്കിലും, മുഖ്യധാരാ പാര്‍ട്ടിയില്‍നിന്നു തെറിച്ചുപോയ ചീളുകള്‍ ചുറ്റും നിന്നാക്രമിക്കുമ്പോഴും ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഈ പ്രായത്തിലും കെ.എം. മാണിക്കു കഴിയുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
https://www.facebook.com/Malayalivartha

























