എടിഎം തട്ടിപ്പ്: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍, തട്ടിപ്പ് നടത്തിയത് വ്യാജസ്ലോട്ടിലൂടെയെന്ന് അറസ്റ്റിലായ മുഖ്യപ്രതി

എടിഎം തട്ടിപ്പുകേസിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയിലായി. റുമേനിയന്‍ സ്വദേശി മരിയന്‍ ഗബ്രിയേലാണ് അറസ്റ്റിലായത്. എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നതെന്ന് അറസ്റ്റിലായ മുഖ്യപ്രതി മരിയന്‍ ഗബ്രിയേല്‍ പൊലീസിന് മൊഴി നല്‍കി. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍നിന്നു 100 രൂപ പിന്‍വലിച്ചിരുന്നു. ഇതേതുടര്‍ന്ന് കേരള പോലീസ് മുംബൈ പോലീസിനു കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗബ്രിയേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പണം പിന്‍വലിച്ചു മടങ്ങിയ ഉടനാണ് ഇയാള്‍ പിടിയിലായതെന്നാണു സൂചന. പിന്നീട് കേരള പോലീസിന് വിവരം കൈമാറി. മുംബൈ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. ഗബ്രിയേലിന്റെ ഹോട്ടല്‍ മുറിയിലും മുംബൈ േപാലീസ് പരിശോധന നടത്തുന്നുണ്ട്. രാത്രിയോടെ കേരള പോലീസ് മുംബൈയില്‍ എത്തും. ഇതിനുശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങും
.
റുമേനിയന്‍ വംശജരായ മൂന്നു പേരാണ് തട്ടിപ്പിനു പിന്നിലെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും തലസ്ഥാനത്ത് താമസിച്ച സ്ഥലങ്ങളും ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ തലസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവളത്തും തിരുവനന്തപുരത്തുമായി മുന്തിയ ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ടൂറിസ്റ്റ് വീസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
ജൂലൈ എട്ടാം തീയതി തിരുവനന്തപുരത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ 12-ാം തീയതി മുറിയൊഴിഞ്ഞു. ആദ്യം ഒരാളാണ് മുറിയെടുത്തത്. പിന്നീട് രണ്ട്ുപേര്‍ കൂടി ഇയാള്‍ക്കൊപ്പം ചേരുകയായിരുന്നു. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് കറങ്ങാന്‍ കോവളത്തു നിന്നും വാടകയ്ക്ക് എടുത്ത ബൈക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഹാന്‍ഡ് ബാഗ് ഇവരുടെ കൈവശം കാണാറുണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്്. തട്ടിപ്പുകാരുടെ പേര് വിവരങ്ങള്‍ കൂടി ലഭിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് പ്രദേശവാസികളുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha