കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം, പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പ്പിച്ചു

കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. കുമളി കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് യാത്രക്കാരായ സഹോദരങ്ങള്‍ മര്‍ദ്ദിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ ടിക്കറ്റ് മെഷീന്‍ ഉള്‍പ്പെടെ തല്ലിതകര്‍ത്തു.
ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. കോട്ടയത്തു നിന്നും കുമളിയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ് ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സനീഷ് ലൂക്കോസിനെതിരെയാണ് ആക്രമണം ഉണ്ടായത്. ബസിലെ യാത്രക്കാരായിരുന്ന വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി ശശികുമാര്‍, സഹോദരന്‍ ഉദയകുമാര്‍ എന്നിവരായിരുന്നു ആക്രമണത്തിന് പിന്നില്‍. ഇരുവരും കുമളിക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിക്കു മുന്നില്‍ നിന്ന് ബസില്‍ കയറി. മദ്യലഹരിയിലായിരുന്ന സഹോദരങ്ങള്‍ നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിനുള്ളില്‍ പരസ്പരം അസഭ്യവര്‍ഷം തുടങ്ങി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പരാതിപറഞ്ഞതോടെ കണ്ടക്ടര്‍ അസഭ്യം പറയരുതെന്ന് ഇരുവരോടും നിര്‍ദേശിച്ചു. ഇത് വകവയ്ക്കാതെ വന്നതോടെ കണ്ടക്ടറുമായി വാക്കുതര്‍ക്കമായി. കുമളി സ്റ്റാന്‍ഡില്‍ എത്തിയതോടെ ഇരുവരും ചേര്‍ന്ന് കണ്ടക്ടറെ കയ്യേറ്റം ചെയ്തു. കഴുത്തില്‍ തൂക്കിയിട്ടിരുന്ന ടിക്കറ്റ് മെഷീന്‍ ബലമായി പൊട്ടിച്ചെടുത്തു. ഇത് തടയാന്‍ ശ്രമിച്ച കണ്ടക്ടറെ മെഷീന്‍ ഉപയോഗിച്ചും ആക്രമിച്ചു.
അക്രമികളായ സഹോദരങ്ങളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കണ്ടക്ടറെ ആക്രമിച്ചതിനു പുറമെ പൊതുമുതല്‍ നശിപ്പിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha