സൗമ്യ കേസ്: പോസ്റ്റ്‌മോര്‍ട്ടം വിവാദത്തില്‍ കോടതി ഉത്തരവുപ്രകാരം ആരംഭിച്ച അന്വേഷണം അനിശ്ചിതത്വത്തില്‍

സൗമ്യ വധക്കേസില്‍ വിചാരണയ്ക്കിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ കോടതി ഉത്തരവില്‍ ആരംഭിച്ച അന്വേഷണം മുടങ്ങിക്കിടക്കുന്നു. പൊലീസ് കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ ഇതു താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ലെന്ന് പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയായിരുന്ന ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷ് പറഞ്ഞതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം വിവാദമുണ്ടായത്. പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷെങ്കിലും കോടതിയില്‍ പ്രോസിക്യൂഷന്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല. അതേസമയം, പ്രതിഭാഗം ഉന്മേഷിനെ വിചാരണയ്ക്കു വിളിപ്പിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ താന്‍ നല്‍കിയ റിപ്പോര്‍ട്ട് അല്ലെന്നും താനും ഡോ. രാജേന്ദ്രപ്രസാദും ചേര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ഇരുവരും ഒപ്പിട്ട റിപ്പോര്‍ട്ട് വകുപ്പുമേധാവി ഡോ. ഷേര്‍ലി വാസുവിനു സമര്‍പ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ഉന്മേഷ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നതോടെ സൗമ്യ വധക്കേസില്‍ വിധിപറഞ്ഞതിനൊപ്പം അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു ഡോ. എ.കെ. ഉന്മേഷിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം സിജെഎം കോടതി ഒരു സിറ്റിങ് നടത്തിയെങ്കിലും സൗമ്യ വധക്കേസിന്റെ ഫയലുകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കേണ്ടി വന്നതിനാല്‍ അന്വേഷണം മുടങ്ങുകയായിരുന്നു.
അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നു സര്‍ക്കാര്‍ ഉന്മേഷിനെ സസ്‌പെന്‍ഡ ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം നടത്തണമെന്ന തൃശൂര്‍ അതിവേഗ കോടതിയുടെ ഉത്തരവ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഉന്മേഷ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഡോ. ഉന്മേഷും താനും ചേര്‍ന്നാണെന്നും ഡോ. ഷേര്‍ലി വാസു പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ലെന്നും ഫൊറന്‍സിക് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദ് നല്‍കിയ മൊഴിയും മറ്റ് അനുകൂല മൊഴികളും ഹൈക്കോടതിയില്‍ ഉന്മേഷ് ഹാജരാക്കി. എന്നാല്‍ കീഴ്‌ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ഉന്മേഷിന്റെ ഹര്‍ജി കോടതി തള്ളി. ഇതുപ്രകാരം തെളിവുകള്‍ ഉന്മേഷ് തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലും നടപടിയായിട്ടില്ല.
സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ഉന്മേഷ് ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹത്തിന് അനുകൂലമായി വിധി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 11 മാസത്തിനുശേഷം ഉന്മേഷ് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ അസോഷ്യേറ്റ് പ്രഫസര്‍ ആയി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























