വിവാഹസത്കാര ചടങ്ങിനിടെ പതിനാലര പവന്റെ സ്വര്‍ണം കവര്‍ന്നു, അന്വേഷണം ബന്ധുക്കളിലേക്ക്

മറയൂരില്‍ കല്യാണവീട്ടില്‍ നിന്ന് പതിനാലര പവന്റെ സ്വര്‍ണം കവര്‍ന്നു. വിവാഹസത്കാര ചടങ്ങിനിടെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. വീടും അലമാരിയും കുത്തിതുറക്കാതെ നടന്ന മോഷണത്തില്‍ അയല്‍വാസികളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
മറയൂര്‍ കടുക്മുടി എസ്‌റ്റേറ്റിലെ ദുരൈക്കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിരുവോണദിനത്തിലായിരുന്നു ദുരൈകൂട്ടിയുടെ മകന്‍ മനോയുടെയും കോയമ്പത്തൂര്‍ സ്വദേശിയായ അരുണയും തമ്മിലുള്ള വിവാഹം. പതിനഞ്ചാം തീയതി കടുമുടി ഓഡിറ്റോറിയത്തില്‍ വിവാഹസത്കാര ചടങ്ങുകള്‍ നടന്നു. ചടങ്ങില്‍ വധുവും വരന്റെ മാതാവും കുറച്ച് സ്വര്‍ണ്ണം മാത്രമാണ് ധരിച്ചത്. ശേഷിക്കുന്ന സ്വര്‍ണ്ണം വീടിനൂള്ളിലെ അലമാരയുടെ ലോക്കറിനൂള്ളില്‍ പൂട്ടിവെച്ചു.
വെള്ളിയാഴ്ച കോയമ്പത്തൂരിലെ വധുവിന്റെ വീട്ടിലേക്ക് മടങ്ങുന്നതിനായി അലമാരി തുറന്നപ്പോഴാണ് സ്വര്‍ണ്ണം നഷ്ടമായ വിവരം വീട്ടുകാര്‍ അറിയുന്നത്. വീടും അലമാരയും ലോക്കറും കുത്തിതുറക്കാതെയാണ് സ്വര്‍ണം കവര്‍ന്നത്. വീടുമായി അടുത്ത ബന്ധമുള്ളയാള്‍ താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
വധുവിന്റെയും വരന്റെ മാതാവിന്റെയും സ്വര്‍ണ്ണം പ്രത്യേകം പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നെങ്കലും വരന്റെ മാതാവ് സുശീലയുടെ മൂന്ന് മാലയും 2 വളയും കമ്മലുമാണ് നഷ്ടമായത്. ആകെ മുപ്പത്തിരണ്ട് പവന്‍ അലമാരയില്‍ ഉണ്ടായിരുന്നു. സ്വര്‍ണ്ണത്തോട് ഒപ്പം സൂക്ഷിച്ചിരുന്ന 35000 രൂപ നഷ്ടമായിട്ടില്ല. മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക്ക് വിദഗ്ദരും വീട്ടില്‍ പരിശോധന നടത്തി.
https://www.facebook.com/Malayalivartha

























