ഷംനയുടെ മരണത്തിലെ ചുരുളഴിയ്ക്കാതെ പോലീസ്, പോസ്റ്റ്‌മോര്‍ട്ടം, ലാബ് റിപോര്‍ട്ടുകള്‍ മുക്കി, എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന ചികിത്സാപിഴവുമൂലം മരിച്ചിട്ട് രണ്ടു മാസം, പോലീസിനുമേല്‍ ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം

കണ്ണൂരിലെ ഗ്രാമത്തില്‍ നിന്നു മികച്ച റാങ്കോടെയാണു ഷംന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ വാങ്ങിയത്.കഴിഞ്ഞ ജൂലൈ 17ന് വൈകുന്നേരമാണ് പനിയെത്തുടര്‍ന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ പരിശോധിച്ച് മരുന്നു നല്‍കി മടക്കിയയച്ചു. പനി മൂര്‍ച്ഛിച്ചതോടെ പിറ്റേ ദിവസം ഉച്ചയ്ക്ക് ഷംന വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു കുത്തിവെപ്പ് എടുത്തയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്നു ഷംനയുടെ വായില്‍ നിന്നു പതയും നുരയും വന്നെന്നും മണിക്കൂറുകള്‍ക്കു ശേഷമാണ് ഡോക്ടറെത്തിയതെന്നും പിതാവ് ആരോപിക്കുന്നു.
കുത്തിവെപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 18 നാണ് ഷംന ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. കുത്തിവെപ്പ് എടുത്ത വാര്‍ഡില്‍ അടിയന്തര ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നിസാരമായ പനിക്ക് കോളേജിലെ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ജില്‍സ് ജോര്‍ജ് അലര്‍ജി സാധ്യതയുളള സെഫ്രിയാക്‌സോണ്‍ ആന്റി ബയോട്ടിക് ഇഞ്ചക്ഷന്‍ കുറിക്കുകയായിരുന്നുവെന്ന് ഷംനയുടെ പിതാവ് അബൂട്ടി പറയുന്നു. ടെസ്റ്റ് ഡോസ് എടുത്താല്‍ കുഴപ്പമില്ലെങ്കിലും ഫുള്‍ ഡോസെടുക്കുമ്പോള്‍ അപകടരമായ പ്രതികരണ ശേഷി കാണിക്കുന്ന ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ അവിടെയുണ്ടായിരുന്നില്ല. ഐസിയുവിന്റെ സാമീപ്യം, ഡോകടറുടെ സാന്നിധ്യം, അപകടം തരണം ചെയ്യാന്‍ മറുമരുന്നിനായി അഡ്രിനാലില്‍ നിറച്ചു വെച്ച സിറിഞ്ച്, ഓക്സിജന്‍ ട്യൂബ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കി വച്ചതിനു ശേഷം മാത്രം നല്‍കേണ്ട മരുന്നാണ് ഒരു പ്രതിരോധ സംവിധാനമില്ലാതെ ഷംനയ്ക്ക് നല്‍കിയത്.
കൃത്യമായ രോഗനിര്‍ണയമോ രക്തസാമ്പിള്‍ പരിശോധനയോ നടത്താതെയാണ് ആ ഇഞ്ചക്ഷന്‍ ഡോക്ടര്‍ കുറിച്ചതെന്നും പിതാവ് പറയുന്നു. ഇഞ്ചക്ഷന്‍ നല്‍കിയതോടെ ഷംനയ്ക്ക് ശ്വാസ തടസം നേരിട്ടു. ശ്വാസം കിട്ടാതെ പിടഞ്ഞ ഷംനയെ രക്ഷിക്കാന്‍ മറുമരുന്ന് എഴുതാന്‍ ഡോകടറോ ഓക്‌സിജന്‍ നല്‍കാന്‍ ട്യൂബോ ഇല്ലായിരുന്നു എന്നും കുത്തിവെപ്പെടുത്ത നഴ്‌സ് ഷംനയെ രക്ഷിക്കാന്‍ നെട്ടോട്ടമോടുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
മരണം സംഭവിച്ചു ഒരു മാസത്തിനു ശേഷമാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു ലഭിക്കുന്നതു തന്നെ. ഇതും ദൂരഹതയിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിലേക്ക് അയച്ച് അവരുടെ പരിശോധനകള്‍ക്കു ശേഷമേ ചികിത്സാപിഴവ് മൂലമാണോ മരണമെന്ന് പറയാനാകൂ എന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. വിദ്യാര്‍ഥിനി അലര്‍ജിയും ശ്വാസനാളത്തില്‍ നീര്‍ക്കെട്ടും ഉള്ള നിലയിലായിരുന്നെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കടുത്ത പനി ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവല്ല മരണ കാരണം എന്നുമായിരുന്നു മെഡിക്കല്‍ കോളജ് നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നു സമരപരിപാടികള്‍ നടന്നെങ്കിലും പിന്നീടു വലിയ പ്രതിഷേധമുണ്ടായില്ല.
എറണാകുളം ഗവ. മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നീമിന്റെ മരണത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണം സംഭവിച്ചു രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്നും പിതാവ് അബൂട്ടി പരാതിപ്പെടുന്നു. ഷംന മരിച്ചു രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് ഷംനയുടെ ജീവനെടുത്തതെന്നു പിതാവ് പറഞ്ഞു. ഈ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ റിപ്പോര്‍ട്ട് പുറത്തു വരുമെന്നു പറയുന്നുണ്ടെങ്കിലും ആ കാര്യത്തില്‍ ഷംനയുടെ ബന്ധുക്കള്‍ക്ക് വ്യക്തതയില്ല.
വളരെ അധികം സമ്മര്‍ദ്ദം ചെലുത്തിയാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബന്ധുക്കള്‍ക്കു ലഭിച്ചത്. ഗവ. മെഡിക്കല്‍ കോളേജിലെ ചികിത്സാ സംവിധാനത്തെയും ഷംനയുടെ അധ്യാപകര്‍ കൂടിയായ ഡോക്ടര്‍മാരെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്നതാണു റിപ്പോര്‍ട്ടുകള്‍. ഇതാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകിക്കുന്നതിനും പുറത്തു വിടാത്തിനും കാരണമെന്നാണു ബന്ധുക്കളുടെ വിശ്വാസം. വകുപ്പു തല അന്വേഷണം കഴിഞ്ഞുവെങ്കിലും റിപ്പോര്‍ട്ട് പുറത്തു വിടാത്തത് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ കൂടാതെ മൂന്ന് റിപ്പോര്‍ട്ടുകളാണ് തയ്യാറായിട്ടുള്ളത്. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കിയ മൂന്നംഗ സമിതി, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ സമിതി, ഷംനയെ വാര്‍ഡില്‍ ചികിത്സിച്ച ഒരു ഡോക്ടര്‍ എന്നിവരാണു റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. 15 ദിവസം കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സ്ഥലത്ത് 63 ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്നും തനിക്ക് നീതി നിഷേധിക്കുകയാണെന്നും ഷംനയുടെ പിതാവ് അബൂട്ടി പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha


























