സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി; വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണം. കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ പുനഃസ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം. സൗമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്ക് പങ്കില്ലെന്ന് പറയാനാകില്ല. ഐപിസി300 ആം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് ഗോവിന്ദചാമിയെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത നിരവധി കേസുകള്‍ പ്രോസിക്യൂഷന്റെ മിടുക്കുകൊണ്ട് തെളിയിക്കപ്പെടുന്ന കാലത്ത് സൗമ്യ കേസില്‍ ഇത്തരമൊരു വീഴ്ച്ച വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ് കൂട്ടികൊഴച്ചുവെന്നാണ് കേസിലെ വിധിക്ക് പിന്നാലെ സൗമ്യയുടെ അമ്മ പ്രതികരിച്ചത്. കേസില്‍ വിധി വന്നതിന് പിന്നാലെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കേസ് വാദിക്കാന്‍ രാജ്യത്തെ പ്രഗല്‍ഭരായ അഭിഭാഷകരെ തന്നെ അണിനിരത്തുമെന്നും വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സൗമ്യ കേസില്‍ സര്‍ക്കാരിനായി സുപ്രീംകോടതിയില്‍ ഹാജരായത്. സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി. കേസ് വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശനെ മാറ്റിനിര്‍ത്തിയതാണ് കോടതിയില്‍ സര്‍ക്കാരിന് ഉത്തരംമുട്ടാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.
സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സുപ്രീംകോടതിയില്‍ സൗമ്യ കേസ് നടത്താന്‍ പ്രോസിക്യൂഷനു സഹായം ലഭിച്ചില്ലെന്നാണ് ആരോപണം. സുപ്രീംകോടതിയില്‍ കേസ് നടത്തിയ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനെ സഹായിക്കാന്‍ എ. സുരേശനെ നിയമിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് 2015 ഫെബ്രുവരി 18ന് ഉത്തരവിറക്കിയെങ്കിലും അതു നടപ്പായില്ല. സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സലുമായി ചര്‍ച്ച നടത്താന്‍ സുരേശന്‍ തയാറായില്ലെന്നാണു മന്ത്രി എ.കെ ബാലന്റെ പ്രതികരണം. സുരേശന്‍ അസൗകര്യം അറിയിച്ചതായി അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദും പറയുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിനു സഹായിക്കാനോ സംശയങ്ങള്‍ ദൂരീകരിക്കാനോ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു സുരേശന്റെ വിശദീകരണം.
വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
https://www.facebook.com/Malayalivartha


























